SHARE

ആവേശത്തിന് ഒരു കുറവും വരുത്തരുതെന്ന് മാത്രമല്ല, എത്രത്തോളം ഇരട്ടിയാക്കാം എന്നാണ് തുർക്കിഷ് ഫുട്ബോൾ ക്ലബുകൾ ആലോചിക്കുന്നത്. തുർക്കിയിലെ പ്രശസ്തമായ ഇസ്താംബൂൾ നാട്ടങ്കങ്ങൾ അത്തരത്തിലാണ്. ​​ഗോളടിയും തിരിച്ചടിയും കൈയ്യാങ്കളിയും വിവാദങ്ങളുമൊക്കെയായി ആവേശത്തിന്റെ കൊടുമുടിയെത്തിക്കും ഓരോ ഡെർബികളും. ഇന്നലെ നടന്ന ഡെർബിക്കും മാറ്റമൊന്നുമില്ലായിരുന്നു

തുർക്കിയിലെ കരുത്തരായ ബെസിക്തസും ഫെനർബാഷെയും തമ്മിലായിരുന്നു ഇന്നലെ ഡെർബിയിൽ ഏറ്റുമുട്ടുയിത്. ബെസിക്തസിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ആരാധരെ അമ്പരിപ്പിച്ചത് ഫെനർബാഷെയുടെ ആത്യുജ്ജ്വല തിരിച്ചുവരവാണ്. ആദ്യ പകുതിയിൽ മൂന്ന് ​ഗോളടിച്ച സ്വന്തം കാണികൾക്ക് മുന്നിൽ വിജയമുറപ്പിച്ച ബെസ്കിതസിനെ രണ്ടാം പകുതിയിൽ 12 മിനിറ്റിനിടെ മൂന്ന് ​ഗോളടിച്ച് ഞെട്ടിച്ച് ഫെനർബാഷെ പിടിച്ചുകെട്ടി.

​ഗോഖാൻ ​ഗോണുളിലൂടെ മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ബെസിക്തസ് ലീഡെടുത്തു. എട്ട് മിനിറ്റിന് ശേഷം ബുറാഖ് ഇൽമസ് പെനാൽറ്റിയിലൂടെ ലീഡുയർത്തി. മത്സരം ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ഇൽമസ് തന്നെ ബെസിക്തസിന്റെ ലീഡ് മൂന്നാക്കി. എന്നാൽ ചാരത്തിൽ നിന്ന് ഉയർന്ന ഫീനിക്സ് പക്ഷിയായിരുന്നു രണ്ടാം പകുതിയിൽ ഫെനൽബാഷെ. മിഹാ സാജിലൂടെ 55-ാം മിനിറ്റിൽ അവർ ഒരു ​ഗോൾ തിരിച്ചടിച്ചു. ആറ് മിനിറ്റുകൾക്ക് ശേഷം സാദിഖ് കിഫ്റ്റ് പിനാറിലൂടെ ഫെനർബാഷെ കരുത്ത് വീണ്ടെടുത്തു

വീണ്ടുമൊരു ആറ് മിനിറ്റ് ഇടവേളയ്ക്ക് ശേഷം ഹസൻ അലി കാൽദിരിം 20 വാരെ അകലെനിന്ന് തൊടുത്ത ഷോട്ട് ബെസിക്തസ് വലകുലുക്കിയപ്പോൾ ആരാധകർ ഞെട്ടിത്തരിച്ചത് അത്ഭുത തിരിച്ചുവരവ് കണ്ട്. തുടർന്ന് നിശ്ചിത സമയത്തും തുടർന്ന് പത്ത് മിനിറ്റ ദൈർ​ഘ്യമുള്ള ഇഞ്ച്വറി ടൈമിലും ഇരുവരും വലകുലാക്കാതിരുന്നതോടെ മത്സരം സമനിലയിൽ കലാശിച്ചു

കളിക്കിടെയുടെ കൈയ്യാങ്കളിയിലും ഡെർബി പോരാട്ടം പതിവ് തെറ്റിച്ചില്ല. ഇരു ടീമുകളും ചേർന്ന് 41 ഫൗളുകളാണ് മത്സരത്തിൽ നടത്തിയത്. ഇരുകൂട്ടർക്കുമായി ആറ് തവണ റഫറിക്ക് മഞ്ഞക്കാർഡ് ഉയർത്തേണ്ടിയും വന്നു.