SHARE

ഓസ്ട്രിയക്കെതിരായ സന്നാഹമത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെ ബ്രസീലിന്റെ സൂപ്പർ താരം ഫ്രെഡിന് പരിക്ക്. സഹതാരം കാസിമെറോയു‌ടെ ടാക്ലിങ്ങിനിടെയാണ് മധ്യനിരതാരം ഫ്രെഡിന്റെ വലതുകാൽവണ്ണയ്ക്ക് പരിക്കേറ്റത്.

ലണ്ടനിൽ ടോട്ടനം ക്ലബിന്റെ ട്രെയിനിങ്ങ് ​ഗ്രൗണ്ടിലാണ് ബ്രസീലിന്റെ പരിശീലനം. പരിക്കേറ്റ ഫ്രെഡ് പിന്നീട് പരിശീലനത്തിനിറങ്ങിയില്ല. എന്നാൽ പ്രാഥമിക പരിശോധനയിൽ പ്രശനങ്ങളൊന്നും കണ്ടില്ലെന്നാണ് ബ്രസീൽ ടീം ഡോക്ടർ റോഡ്രി​ഗോ ലാസ്മാർ പറഞ്ഞത്. ആവശ്യമെങ്കിൽ കൂടുതൽ പരിശോധനകൾക്ക് താരത്തെ വിധേയനാക്കുമെന്നും അദ്ദേഹം അറിയിച്ചു. താരത്തിന്റെ പരിക്ക് ​ഗുരുതരമല്ലെന്നും പെട്ടെന്ന് തന്നെ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും സഹതാരം മാഴ്സലോയും പറഞ്ഞു.

യുക്രൈൻ ക്ലബ് ഷാക്തറിന്റെ താരമായ ഫ്രെഡ് അടുത്ത് സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് കോടിയിലേറെ യൂറോയുടെ കരാറാണ് യുണൈറ്റഡ് ഫ്രെഡിനായി മുന്നോട്ട് വെക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യുണൈറ്റഡിലേക്ക് എത്തുന്നതിന് മുന്നോടിയായുള്ള വൈദ്യപരിശോധന താരം പൂർത്തിയാക്കി.