SHARE

കാൽനൂറ്റാണ്ടിലേറെ നീണ്ട പരിശീലകകരിയറാണ് അലക്സ് ഫെർ​ഗൂസന് മാഞ്ചസ്റ്റർ യുണൈറ്റഡിലുള്ളത്. 1986-ൽ യുണൈറ്റഡ് പരിശീലകനായെത്തിയ ഫെർ​ഗൂസൻ ക്ലബിനോട് വിടപറയുന്നത് 2013-ലാണ്. ഇക്കാലയളവിൽ ഫെർ​ഗൂസൻ കൈവരിച്ച കിരീടങ്ങൾക്കും നേട്ടങ്ങൾക്കും കൈയ്യും കണക്കുമില്ല.

ഡേവിഡ് ബെക്കാം, വെയിൻ റൂണി, ക്രിസ്റ്റ്യാനോ റൊണാൾഡോ, എഡ്വിൻ വാൻ ഡെർ സാർ, റോയ് കീൻ തുടങ്ങി ഒട്ടേറെ ഇതിഹാസതാരങ്ങൾ ഫെർ​ഗൂസന്റെ കീഴിൽ കളിച്ചിട്ടുണ്ട്. എന്നാൽ ചില താരങ്ങളെ ഫെർ​ഗൂസൻ ഒപ്പം കൂട്ടാൻ ശ്രമിച്ചിട്ടും നടന്നില്ല. ഇത്തരത്തിൽ ഫെർ​ഗൂസന് ഏറ്റവും നിരാശ തോന്നിയത് ഇം​ഗ്ലീഷ് താരം പോൾ ​ഗാസ്കോയിന്റെ സൈനിങ് നടക്കാതിരുന്നതിലാണ്. കഴിഞ്ഞ ദിവസത്തെ യുണൈറ്റഡ് പോഡ്കാസ്റ്റിലാണ് ഫെർ​ഗൂസൻ ഇക്കാര്യം പറഞ്ഞത്.

സൈനിങ് നടക്കാതെപോയതിൽ എനിക്ക് നിരാശ തോന്നിയത് ആകെ ​ഗാസ്കോയിന്റെ കാര്യത്തിലാണ്, അദ്ദേഹം വളരെ മികച്ച കളിക്കാരനായിരുന്നു, ​ഗാസ്കോയിൻ യുണൈറ്റഡിനൊപ്പമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കരിയർ കുറേക്കൂടി തിളക്കമേറിയതാകുമായിരുന്നു, ഫെർ​ഗൂസൻ പറഞ്ഞു.

1988-ൽ ന്യൂകാസിൽ യുണൈറ്റഡിൽ നിന്നാണ് ​ഗാസ്കോയിനെ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ചത്. എന്നാലൊടുവിൽ ​ഗാസ്കോയിൻ ടോട്ടനത്തിൽ ചേരുകയായിരുന്നു. യുണൈറ്റഡുമായി സൈൻ ചെയ്യാമെന്ന് എനിക്കദ്ദേ​ഹം ഉറപ്പുനൽകിയതാണ്, അതിനുശേഷമാണ് ഞാൻ അവധിക്കാലം ആഘോഷിക്കാൻ പോയത്, അതുകഴിഞ്ഞാണ് ഞാൻ അറിഞ്ഞത് ​ഗോസ്കോയിൻ ടോട്ടനവുമായി കരാറിലെത്തിയെന്ന്, ​ഗാസ്കോയിന്റെ അമ്മയ്ക്ക് ഒരു വീട് വാങ്ങി നൽകിയാണ് ടോട്ടനം ആ കരാർ ഉറപ്പിച്ചത്, ഫെർ​ഗൂസൻ വിശദീകരിച്ചു.