SHARE

പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. താരത്തെ സ്വന്തമാക്കുന്ന‌ കാര്യത്തിൽ യുവന്റസുമായി തങ്ങൾ ധാരണയിലെത്തിയെന്ന് ഇന്നലെ വൈകിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയതോടെയാണ് ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവ് ഉറപ്പായത്. ഫുട്ബോൾ ലോകത്തെ മുഴുവൻ അദ്ഭുതപ്പെടുത്തുന്ന നീക്കമാണിത്.

യുവന്റസ് വിടാൻ തയ്യാറെടുത്ത് നിൽക്കുന്ന റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിലേക്ക് ചേക്കേറുമെന്നായിരുന്നു ഇന്ന് രാവിലെ വരെ കരുതപ്പെട്ടിരുന്നത്‌‌. എന്നാൽ മണിക്കൂറുകൾക്കിടെ കാര്യങ്ങൾ കീഴ്മേൽ മറിയുകയും, താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തുകയുമായിരുന്നു. സിറ്റിയിൽ ചേരുന്നതിനോട് വളരെ അടുത്തിരുന്ന റൊണാൾഡോയുമായി ഇന്നലെ രാവിലെ ക്ലബ്ബിന്റെ ഇതിഹാസ പരിശീലകനായ സർ അലക്സ് ഫെർഗൂസൻ സംസാരിച്ചിരുന്നുവെന്ന വാർത്തകളും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ റൊണാൾഡോയെ ഫെർഗൂസൻ ബോധ്യപ്പെടുത്തിയതായും, ഇതും റൊണാൾഡോയുടെ ട്രാൻസ്ഫറിൽ നിർണായമായതായും കരുതപ്പെടുന്നു.

വെള്ളിയാഴ്ച രാവിലെ ഫെർഗൂസൻ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിളിച്ച് സംസാരിച്ചെന്നാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ സാമുവൽ ലക്ക്ഹർസ്റ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സിറ്റിയെ തഴഞ്ഞ് യുണൈറ്റഡിലേക്ക് വരുന്നതിനെക്കുറിച്ച് റൊണാൾഡോയെ ബോധ്യപ്പെടുത്തുന്നതിൽ ഫെർഗൂസന്റെ സംസാരം നിർണായമായെന്നാണ് കരുതപ്പെടുന്നത്. ഇത് സ്ഥിരീകരിക്കുന്ന മറ്റ് വാർത്തകളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും, ഫെർഗൂസന്റെ ഇടപെടലിന് റൊണാൾഡോയുടെ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവിന് പിന്നിൽ പ്രധാന പങ്കുണ്ടെന്നത് ഉറപ്പാണ്.

മുൻപ് ഫെർഗൂസൻ പരിശീലകനായിരുന്നപ്പോളായിരുന്നു 2003 ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ആദ്യമായെത്തിയത്. 2003 മുതൽ 2009 വരെ ഫെർഗൂസന് കീഴിൽ യുണൈറ്റഡിൽ നിറഞ്ഞാടിയ റൊണാൾഡോ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും, ഒരു ചാമ്പ്യൻസ് ലീഗും അദ്ദേഹത്തിന് കീഴിൽ നേടിയിരുന്നു.