SHARE

സ്റ്റീവൻ ജെറാർഡ് – ഫെർണാണ്ടോ ടോറസ് കൂട്ടുകെട്ടായിരുന്നു ഒരു കാലത്ത് ലിവർപൂളിന്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലും. പിന്നീട് ടോറസ് ചെൽസിയിലേക്കും അവിടെനിന്ന് എ.സി മിലാനിലേക്ക് ഒടുവിൽ ആദ്യ ക്ലബായ അത്ലെറ്റിക്കോ മഡ്രിഡിലുമെത്തിനിൽക്കുന്നു. ലിവർപൂളിൽ നിന്ന പോയ ജെറാർഡ് ഒരുവർഷം അമേരിക്കയിൽ കളിച്ചു. പിന്നീട് ലിവർപൂൾ അണ്ടർ 18 ടീമിന്റേയും ഇപ്പോൾ സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്റേയും പരശീലകനായി. ആരാധകർ എന്നെന്നും ഓർത്തിരിക്കുന്ന ആ കൂട്ടുകെട്ട് വീണ്ടും അതവരിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജെറാർഡ് റേഞ്ചേഴ്സ് പരിശീലകനായി ചുമതലയേറ്റത്. ഇതിന് പിന്നാലെ മുൻ സഹതാരത്തിന് ആശംസയർപ്പിച്ചുകൊണ്ട് ടോറസ് ഇട്ട ട്വീറ്റാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജെറാർഡിനെ ആശംസിക്കുന്നതിനൊപ്പം, സ്വാ​ഗതം എന്നും കൂടി ടോറസ് ചേർത്തിട്ടുണ്ട്. ഇതാണ് വാർത്തകൾക്ക് പിന്നിൽ. ട്വീറ്റ് പ്രചരിച്ചതോടെ ടോറസിനെ ടീമിലെത്തിക്കണമെന്ന് റേഞ്ചേഴ്സ് ആരാധകർ ജെറാർഡിനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

34-കാരനായ ടോറസ് ഈ സീസണവസാനത്തോടെ അത്ലെറ്റിക്കോ മഡ്രിഡ് വിടും എന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതു കൂടി കൂട്ടിവായിച്ചാണ് ടോറസ് റേഞ്ചേഴ്സിലെത്തുമെന്ന് വാർത്ത പ്രചരിക്കുന്നത്. പരിശീലകനായ ചുമതലയേറ്റ ഉടൻ തന്നെ മുൻ സഹതാരമായിരുന്നു ​ഗാരി മക്ആലിസ്റ്ററെ സഹപരിശീലകനായി ജെറാർഡ് നിയമിച്ചിരുന്നു. ഇതും വാർത്തകൾക്ക് കരുത്ത് പകരുന്നുണ്ട്. ഇതോടെ ആരാധകർ ആകാംഷയിലാണ്, ആൽഫീൽഡിനെ കോരിത്തരിപ്പിച്ച ആ കൂട്ടുകെട്ട്, വീണ്ടുമവതരിക്കുമോയെന്നറിയാൻ.