ഇന്ത്യയിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ മുൻപന്തിയിലാണ് സന്ദേശ് ജിംഗന്റെ സ്ഥാനം. ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാന് വേണ്ടി കളിക്കുന്ന ജിംഗൻ ദേശീയ ടീമിലെ ഒഴിവാക്കാനാകാത്ത സാന്നധ്യമാണ്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പ് യോഗ്യതാമത്സരങ്ങളിലും ജിംഗൻ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
മികച്ച ഫോം തുടരുമ്പോഴും ജിംഗന്റെ ബഗാനിലെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദ ടെലഗ്രാഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ജിംഗൻ ബഗാൻ വിടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ബഗാന്റെ സ്പാനിഷ് പരിശീലകൻ ജുവാൻ ഫെറാൻഡോയ്ക്ക് ജിംഗന്റെ പ്രകടനത്തിൽ തൃപ്തി പോരെ എന്നാണ് റിപ്പോർട്ട്.
ഏത് കരുത്തുറ്റ മുന്നേറ്റത്തേയും തടയാൻ കെൽപ്പുള്ള സെന്റർ ബാക്കായാണ് ജിംഗനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ജിംഗന് പന്തിന്മേലുള്ള മികവ് പോര. പിന്നിൽ നിന്ന് ആക്രമണം മെനയുന്ന ശൈലിയാണ് ഫെറാൻഡോയുടേത്. ഇതിനായി ബോൾ പ്ലേയിങ് സെന്റർബാക്കുകൾ അത്യാവശ്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ജിംഗൻ പിന്നിലാണ്. ഇക്കാരണത്താൽ തന്നെ കഴിഞ്ഞ ഐഎസ്എല്ലിലേയും പിന്നീട് നടന്ന ഏഎഫ്സി കപ്പിലേയും ജിംഗന്റെ പ്രകടനത്തിൽ ഫെറാൻഡോ അസംതൃപ്തനാണെന്നാണ് റിപ്പോർട്ട്.
അതേസമയം വിദേശത്തേക്ക് കൂടുമാറാൻ ജിംഗൻ ഇപ്പോഴും താൽപര്യപ്പെടുന്നുണ്ടെന്നും വാർത്തകളുണ്ട്. നേരത്തെ ക്രൊയേഷ്യൻ ക്ലബ് എച്ച്എൻകെ സിബേനിക്കുമായി കരാറിലെത്തിയ ജിംഗന് പരുക്ക് തിരിച്ചിടയായിരുന്നു. ഒരു മത്സരം പോലും കളിക്കാതെ ഒടുവിൽ ജിംഗന് ക്ലബ് വിടേണ്ടിവന്നു. ഇപ്പോൾ ജിംഗൻ യൂറോപ്പിലേക്ക് സാധ്യത തേടുന്നുണ്ടെന്നാണ് സൂചനകൾ. എന്നാൽ ഏഷ്യാ കപ്പ് കൂടി മുന്നിൽ കണ്ട്, പരമാവധി കളിസമയം ഉറപ്പാക്കുന്ന ഒരു നീക്കത്തിനേ ജിംഗന് തയ്യാറാകു.