SHARE

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബായ യുവന്റസിലെത്തിയത് ലോകമെങ്ങുമുള്ള താരത്തിന്റെ ആരാധകർ ആഘോഷിക്കുകയാണ്. ഇറ്റലിയിൽ പ്രത്യേകിച്ച്. എന്നാൽ അതിനിടയിൽ റൊണാൾഡോയുടെ വരവിൽ പ്രതിഷേധിച്ച്, സമരത്തിന് തയ്യാറെടുക്കുകയാണ് ഇറ്റലിയിൽ ഒരു കൂട്ടം തൊഴിലാളികൾ.

ലോകപ്രശസ്ത കാർ നിർമാതാക്കളായ ഫിയറ്റിലെ തൊഴിലാളികളാണ് പണിമുടക്കിന് ഒരുങ്ങുന്നത്. ഫിയറ്റ് കാർ കമ്പനിയുടേയും യുവന്റസിന്റേയും ഉടമകൾ ആ​ഗ്നെലി കുടുംബമാണ്. ഇത്രയും വലിയ തുക റൊണാൾഡോയ്ക്കായി ആ​ഗ്നെലി കുടുംബം മുടക്കിയതിലാണ് തൊഴിലാളികളുടെ പ്രതിഷേധം. അത്യാധുനിക രീതിയിലുള്ള കാറുകളുടെ നിർമ്മാണമടക്കമുള്ള നിക്ഷേപങ്ങൾക്ക് പണം ഉപയോ​ഗിക്കാതെയാണ് ഒരു കളിക്കാരന് വേണ്ടി ഇത്രയും തുക മുടക്കിയതെന്നാണ് തൊഴിലാളി യൂണിയന്റെ ആരോപണം.

ഇത്രയധികം തൊഴിലാളികൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ അത് പരിഹരിക്കാതെ , ഇത്രയും പണം ചെലവഴിച്ചത് അംഗീകരിക്കാനാകില്ലന്നാണ് യൂണിയൻ നിലപാട്. ഇതോടെ ജൂലൈ പതിനഞ്ച് മുതൽ രണ്ട് ദിവസം പണിമുടക്കിന് യൂണിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്. എക്സർ എന്ന കമ്പനിക്ക് കീഴിലാണ് ആ​ഗ്നെലി കുടുബ ഫെറാറി ,ഫിയറ്റ് തുടങ്ങിയവരെ സ്വന്തമാക്കിയത്.