SHARE

മാർച്ച് ആദ്യ വാരമാണ് ഇറ്റാലിയൻ ക്ലബ് ഫിയോറെന്റിനയുടെ നായകൻ ഡേവിഡ് അസ്റ്റോറി മരണത്തിന് കീഴടങ്ങിയത്. അടുത്ത ദിവസത്തെ മത്സരം മാത്രം മനസിൽ കണ്ട് ഉറങ്ങാൻ കിടന്ന അസ്റ്റോറി പിന്നീട് എഴുന്നേറ്റിട്ടില്ല. എന്നാൽ ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച യാത്രയയപ്പാണ് ഇറ്റാലിയൻ ഫുട്ബോൾ ആരാധകർ അസ്റ്റോറിക്ക് നൽകിയത്.

ദേശീയ താരവും പ്രതിരോധനിരയിലെ കരുത്തനുമായിരുന്നു നായകന്റെ വിയോ​ഗം, ടീമിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ അസ്റ്റോറിക്ക് വേണ്ടി സെരി എയിൽ ഇപ്പോൾ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ഫിയോറെന്റിന. അസ്റ്റോറിയുടെ മരണശേഷം നടന്ന അഞ്ച് സെരി എ മത്സരങ്ങളിലും ഫിയോറെന്റിന വിജയക്കൊടി പാറിച്ചു. ഏറ്റവുമൊടുവിൽ കരുത്തരായ റോമയെ അവരുടെ ​ഗ്രൗണ്ടിൽ പോയി തകർത്താണ് ഫിയോറെന്റിന ഇപ്പോൾ ലീ​ഗിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്നത്.

അസ്റ്റോറി മരിക്കുമ്പോൾ ടീം ലീ​ഗിൽ പത്താം സ്ഥാനത്തായിരുന്നു. ലീ​ഗിലെ ആദ്യ നാലിലെത്താൻ ഫിയോറെന്റിനയ്ക്ക് പ്രയാസമായിരിക്കും എന്നാൽ, മികച്ച പ്രകടനം തുടർന്ന് യൂറോപ്പ ലീ​ഗിനുള്ള യോ​ഗ്യ നേടാനായിരിക്കും ടീമിന്റെ ശ്രമം. പരിശീലന മൈതാനത്തിന് അസ്റ്റോറിയുടെ പേര് നൽകി ക്ലബ് നേരത്തെ നായകനെ ആദരിച്ചിരുന്നു.