SHARE

ലോകകപ്പ് മത്സരങ്ങൾ കാണാൻ റഷ്യയിലെത്തുന്നത് ലോകത്തെമ്പാടുനിന്നുമുള്ള ആരാധകക്കൂട്ടമാണ്. ഇപ്പോൾ തന്നെ പല രാജ്യങ്ങളിൽ നിന്ന് ടിക്കറ്റുകൾക്കായി ഒട്ടേറെ പേർ അപേക്ഷിച്ചുകഴിഞ്ഞു. എന്നാൽ മത്സരം കാണാനെത്തുന്നവർക്ക് ​സ്റ്റേഡിയത്തിന്റെ അന്തരീക്ഷം പകർത്തിയെടുത്ത് നവമാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യുന്നതിന് പരിമിതികളുണ്ടാകും. മറ്റൊന്നും കൊണ്ടല്ല സെൽഫി സ്റ്റിക്ക് ലോകകപ്പ് വേദിയിൽ കയറ്റാനാവില്ലെന്നാണ് ഫിഫ നിർദേശം.

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ആരാധകരുള്ള രാജ്യമാണ് റഷ്യ. കഴിഞ്ഞ യൂറോകപ്പിനിടെ റഷ്യൻ ആരാധകർ നടത്തിയ അക്രമങ്ങൾ വലിയ വിവാദമായിരുന്നു. അടുത്തിടെ യൂറോപ്പ ലീ​ഗ് മത്സരത്തിനിടെ റഷ്യൻ സ്പാനിഷ് ആരാധകർ ഏറ്റുമുട്ടി. ഇതിനിടയിൽ ഒരു പോലീസുകാരൻ കൊല്ലപെട്ടിരുന്നു. ഇതോടെ റഷ്യൻ ലോകകപ്പിലെ സുരക്ഷയെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയർന്നു. ഈ സാഹചര്യത്തിലാണ് സെൽഫി സ്റ്റിക്കുകൾക്ക് വിലക്കേർപ്പെടുത്തിയത്. സെൽഫി സ്റ്റിക്ക് അക്രമത്തിനുള്ള ആയുധമാക്കുമോയെന്നുള്ള ആശങ്കയാണ് ഇതിന് പിന്നിൽ.

അതേസമയം ചില ലഹരി വസ്തുക്കൾ ലോകകപ്പ് വേദിയിൽ കൊണ്ടുവരാനും അനുമതി നൽകിയിട്ടുണ്ട്. മരുന്നായി ഉപയോഗിക്കാവുന്ന ചില ലഹരിവസ്തുക്കൾ പ്രത്യേക അനുമതിയോടെ കൊണ്ടുവരാനാണ് അനുവാദമുള്ളത്.