SHARE

2017-ലെ ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങള്‍ ഡിസംബര്‍ ആറ് മുതല്‍ പതിനാറ് വരെ യു.എ.ഇയില്‍ നടക്കും. ആറ് ഭൂഖണ്ഡങ്ങളിലേയും ലീഗ് ജേതാക്കളും ആതിഥേയ രാജ്യത്തെ ലീഗ് ജേതാക്കളുമടക്കം ഏഴ് ടീമുകള്‍ മത്സരരംഗത്തുണ്ട്.

യൂറോപ്പില്‍ നിന്ന് റയല്‍ മഡ്രിഡ്, ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീലിയന്‍ ക്ലബ് ഗ്രമിയോ, ഏഷ്യന്‍ ജേതാക്കളായ ജാപ്പനീസ് ടീം ഉരവ റെഡ് ഡയമണ്ട്‌സ്, ഓഷ്യാനയില്‍ നിന്ന് ന്യൂസിലന്‍ഡ് ടീം ഓക്ലന്‍ഡ് സിറ്റി, കോണ്‍കാഫ് മേഖലയില്‍ നിന്ന് മെക്‌സിക്കന്‍ ടീം പച്ചൂക്ക, ആഫ്രിക്കയില്‍ നിന്ന് മൊറോക്കന്‍ ക്ലബ് വൈദാദ് കാസാബ്ലാങ്ക എന്നിവരാണ് യോഗ്യത നേടിയത്. ഇവര്‍ക്കൊപ്പം ആതിഥേയ രാജ്യത്തിന്റെ പ്രതിനിധിയായി അല്‍ ജസീറ ക്ലബുമുണ്ട്. സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡാണ് നിലവിലെ ജേതാക്കള്‍

ഗ്രൂപ് ഘട്ടം ഇല്ലാതെ നേരിട്ട് ക്വാർട്ടര്‍ ഫൈനലിലാണ് മത്സരങ്ങള്‍ നടക്കുക. എന്നാല്‍ ഏഴ് ടീമുകളാണ് പങ്കെടുക്കേണ്ടത് എന്നതിനാൽ ആദ്യം ഒരു പ്ലേ ഓഫ് മത്സരമാണ് നടക്കുക. ഇതില്‍ അല്‍ ജസീറ- ഓക്ലന്‍ഡിനെ നേരിടും. ഇവിടെ വിജയിക്കുന്നവര്‍ ക്വാർട്ടറിലെത്തും. ഇവര്‍ ആദ്യ ക്വാര്‍ട്ടറില്‍ ഉരവ റെഡിനെ നേരിടും. രണ്ടാം ക്വാർട്ടറില്‍ പച്ചൂക്ക വൈദദിനേയും നേരിടും. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയലിനും ലാറ്റിനമേരിക്കന്‍ ജേതാക്കളായ ഗ്രെമിയോയ്ക്കും സെമിയിലേക്കാണ് നേരിട്ട് അവസരം . ആദ്യ ക്വാര്‍ട്ടറില്‍ ജയിച്ചവര്‍ റയലിനേയും രണ്ടാം ക്വാര്‍ട്ടര്‍ ജയിച്ചവര്‍ ഗ്രെമിയോയേയും സെമിയില്‍ നേരിടേണ്ടി വരും. 16-ന് അബുദാബിയിലാണ് കലാശപ്പോരാട്ടം അരങ്ങേറുക.

അതേസമയം തന്നെ ക്ലബ് ലോകകപ്പ് പരിഷ്‌കരിക്കുന്നതിനെക്കുറിച്ച്‌ ഫിഫ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏഴ്ടീമുകള്‍ക്ക് പകരം 24 ടീമുകളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് നടത്താനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.