SHARE

ഇത്തവണ യുഎഇയില്‍ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ഒട്ടേറെ പുതുമകളും. റയല്‍ മാഡ്രിഡ് പതിവ് വെള്ള ജേഴ്‌സിയില്‍ നിന്ന് കറുപ്പിലേക്ക് മാറുന്നതും ക്ലബ് ലോകകപ്പിലെ അപൂര്‍വ കാഴ്ചയാകും. ഗോള്‍കീപ്പര്‍ ചുവന്ന ജേഴ്‌സിയാകും അണിയുക. യുഎഇയിലെ കടുത്ത ചൂടില്‍ കളിക്കിടെ ഗ്രൗണ്ട് നനയ്ക്കാനും സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച്ച റയലിന്റെ ആദ്യ മത്സരം അല്‍ ജസീറ ക്ലബിനെതിരേയാണ്.

23 മില്ലിമീറ്ററാണ് ഗ്രൗണ്ടിലെ പുല്ലിന്റെ ഉയരം. കളിക്ക് 20 മിനിറ്റ് മുമ്പു മൈതാനം നന്നായി നനയ്ക്കും. ഇതുകൂടാതെ കളിയുടെ ഇടവേളകളിലും പുല്‍പ്രതലത്തില്‍ വെള്ളം തളിക്കും. ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിക്കുന്ന ആദ്യ ക്ലബ് ലോകകപ്പാകും അറേബ്യന്‍ മണ്ണില്‍ നടക്കുക. മത്സരത്തിനിടെ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ സാന്നിധ്യവും സ്‌റ്റേഡിയത്തിലുണ്ടാകും. മത്സരശേഷം താരങ്ങളുടെ മൂത്ര, രക്ത സാമ്പിളുകള്‍ ഏജന്‍സി ശേഖരിക്കും.

പതിനാറ് വരെ നീണ്ടു നില്‍ക്കുന്ന ക്ലബ് ലോകകപ്പില്‍ ഏഴു ടീമുകളാണ് പങ്കെടുക്കുന്നത്. അതിഥേയ രാജ്യമായ യുഎഇയില്‍ നിന്ന് അല്‍ജസീറയ്‌ക്കൊപ്പം ഏഷ്യയ്ക്ക് ഒരു പ്രതിനിധി കൂടിയുണ്ട്. എഎഫ്‌സി ചാമ്പ്യന്മാരായ ഉര്‍വ റെഡ് ഡയമണ്ട്‌സാണ് മറ്റൊരു ഏഷ്യന്‍ ടീം. ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീലിയന്‍ ക്ലബ് ഗ്രെമിയോ, യൂറോപ്പില്‍ നിന്ന് റയല്‍ മാഡ്രിഡ്, വെയ്ഡാഡ് കാസബ്ലാന്‍ക, കോണ്‍കാഫ് മേഖലയില്‍ നിന്ന് പാച്ചൂക്ക, ഓഷ്യാനയില്‍ നിന്ന് ഓക്‌ലന്‍ഡ് സിറ്റി എന്നീ ടീമുകളാണ് ഏറ്റമുട്ടുക.