SHARE

2026 ലോകകപ്പില്‍ 48 ടീമുകളെ കളിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഫിഫ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു. നിലവില്‍ 32 ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ലോകകപ്പില്‍, ടീമുകളുടെ എണ്ണം 48 ആക്കുന്നത് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

എന്നാല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ 2022ലെ ഖത്തര്‍ ലോകകപ്പില്‍ തന്നെ നടപ്പിലാക്കാന്‍ കഴിയുമോയെന്ന കാര്യം ഫിഫ അടുത്തയാഴ്ച്ച ചര്‍ച്ച ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 32 ടീമുകള്‍ കളിക്കുന്ന രീതിയില്‍ ലോകകപ്പ് നടത്താനുള്ള ഒരുക്കങ്ങളാണ് ഖത്തറില്‍ നടത്തുന്നത്.

എന്നാല്‍ കുവൈറ്റ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളെയും വേദികളാക്കി കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ കഴിയുമോയെന്ന് ഫിഫ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മാര്‍ച്ച് 15ന് മിയാമിയിൽ നടക്കുന്ന ഫിഫാ മീറ്റിംഗിൽ ഇക്കാര്യം ചര്‍ച്ചയായേക്കും. ക്ലബ് ലോകകപ്പ് വിപുലപ്പെടുത്തുന്ന കാര്യവും ഗ്ലോബൽ നാഷൻസ് ലീഗ് തുടങ്ങുന്ന കാര്യവും ഈ മീറ്റംഗിന്‍റെ അജണ്ടകളിൽ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.