SHARE

റഷ്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള ടിക്കറ്റ് അനധികൃതമായി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ഫിഫ കടുത്ത നടപടിക്കൊരുങ്ങുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അനധികൃതമായി ടിക്കറ്റ് വിറ്റ വിയാഗോഗോ എന്ന ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്‌ഫോമിനെതിരെ ഫിഫ കോടതിയില്‍ പരാതി നല്‍കി.

മാന്യമായ വിലയില്‍ ടിക്കറ്റ് ആരാധകരില്‍ എത്തിക്കാനാണ് ഫിഫയുടെ ശ്രമങ്ങളെന്നും അനധികൃത വില്‍പ്പനക്കാരുടെ കെണിയില്‍പ്പെടരുതെന്നും ഫിഫ അധികൃതര്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, അനധികൃത വില്‍പ്പനക്കാരില്‍ നിന്നാണ് ടിക്കറ്റുകള്‍ വാങ്ങിയതെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും അങ്ങനെ വന്നാല്‍ കളി കാണാന്‍ അനുവദിക്കില്ലെന്നും ഫിഫ വ്യക്തമാക്കി. അതോടെ അനധികൃത വിൽപ്പനക്കാരിൽ നിന്ന് ടിക്കറ്റ് വാങ്ങിയവർക്ക് പണം നഷ്ടമാവുമെന്ന് ഉറപ്പായി.

ജൂണ്‍ 14ന് റഷ്യയും സൗദി അറേബ്യയും തമ്മില്‍ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റ് ഇരട്ടി വിലയക്കാണ് വിയാഗോഗോ വില്‍പ്പനക്ക് വെച്ചിരുന്നത്. ഫിഫയുടെ വെബ്‌സൈറ്റില്‍ 220 യു എസ് ഡോളറിന് ലഭിക്കുന്ന ടിക്കറ്റ് 480 ഡോളറിനാണ് വിയാഗോഗോ വില്‍പ്പന നടത്തിയത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാനാണ് ഫിഫയുടെ നീക്കം. 292000 യു എസ് ഡോളര്‍ പിഴയോ ആറു മാസം വരെ തടവോ ലഭിക്കുന്ന വകുപ്പുകളിലാണ് കേസ് നല്‍കിയിരിക്കുന്നത്.