SHARE

മത്സരം അനുകൂലമാക്കാന്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തെത്തുടര്‍ന്നു റഫറി ഫഹദ് അല്‍ മിര്‍ദാസിക്ക് വിലക്കേര്‍പ്പെടുത്തി. റഷ്യന്‍ ലോകകപ്പ് നിയന്ത്രിക്കാന്‍ ഫിഫ തെരഞ്ഞെടുത്ത റഫറിമാരിലൊരാളായിരുന്നു മുപ്പത്തിരണ്ടുകാരനായ ഫഹദ് അല്‍ മിര്‍ദാസി.

സൗദി കിംഗ്‌സ് കപ്പ് ഫൈനല്‍ നിയന്ത്രിക്കാനിരിക്കെയാണ് സൗദി ഫെഡറേഷന്‍ മിര്‍ദാസിയെ നീക്കം ചെയ്തു പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്നു ലോകകപ്പ് റഫറിമാരുടെ പട്ടികയില്‍നിന്ന് അല്‍ മിര്‍ദാസിയുടെ പേര് ഒഴിവാക്കാന്‍ ഫിഫയോടു സൗദി ഫെഡറേഷന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അല്‍ മിര്‍ദാസിയെ ഫിഫ ലോകകപ്പ് റഫറിമാരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

മാത്രമല്ല, മിര്‍ദാസിയുടെ അസിസ്റ്റന്റ് റഫറിമാരായിരുന്ന മുഹമ്മദ് അല്‍ അബകരിക്കും അബ്ദുള്ള അല്‍ ഷല്‍വായിക്കിനും അവസരം നിഷേധിച്ചിട്ടുണ്ട്. ഇവര്‍ക്കു പകരം യുഎഇയില്‍നിന്നും ജപ്പാനില്‍നിന്നും അസിസ്റ്റന്റ് റഫറിമാരെ പട്ടികയിലുള്‍പ്പെടുത്തി. ഇത്തിഹാദും അല്‍ ഫൈസലിയും തമ്മിലുള്ള കിംഗ്‌സ് കപ്പ് ഫൈനലിന്റെ തലേന്ന് ടൂര്‍ണമെന്റ് വിജയിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ക്ലബ്ബുകളിലൊന്നിന്റെ ഒഫീഷ്യലിനോടു മിര്‍ദാസി പണം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.