SHARE

2026 ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ വേദി നാളെയറിയാം. നാളെ റഷ്യയിൽ ഫിഫ ഫുട്ബോൾ ഗവേണിംഗ് ബോഡി യോഗത്തിൽ വെച്ച് ഫിഫ അംഗങ്ങളായ 207 രാജ്യങ്ങളിലെ പ്രതിനിധികൾ വോട്ടെടുപ്പിലൂടെയാണ് ലോകകപ്പ് വേദി തിരഞ്ഞെടുക്കുക. നോർത്ത് അമേരിക്കയും, മോറോക്കോയുമാണ്‌ ലോകകപ്പ് നടത്തിപ്പിനായി മുന്നിലുള്ളത്. ലോകകപ്പ് മോറോക്കയ്ക്ക് അനുവദിക്കപ്പെടുകയാണെങ്കിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമായി അവർ മാറും.

മികച്ച സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളുമുള്ളത് നോർത്ത് അമേരിക്കയ്ക്ക് ഗുണകരമാണ്. എന്നാൽ പൂർണമായും വോട്ടെടുപ്പിനെ ആശ്രയിച്ചായിരിക്കും ലോകകപ്പ് വേദി നിർണയിക്കപ്പെടുക. നാളെ വൈകിട്ടാണ് വോട്ടെടുപ്പ് നടക്കുക. മുൻപ് ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലുള്ള 24 അംഗങ്ങൾക്ക് മാത്രമാണ് ലോകകപ്പ് വേദി നിർണയത്തിനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ, ഇപ്പോൾ ഫിഫ അംഗങ്ങളായ 207 രാജ്യങ്ങളിലെ പ്രതിനിധികൾക്കാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുക.

അതേ സമയം 2022ലെ അടുത്ത ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ഈ ലോകകപ്പ് വേദിക്കായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ അവസാന ഘട്ട വോട്ടെടുപ്പില്‍ ഖത്തറിന് നറുക്ക് വീഴുകയായിരുന്നു.