SHARE

ഓരോ ഫുട്‌ബോള്‍ ലോകകപ്പും വലിയ ലോക മേളകളാണ്. നമ്മളൊന്നും ചിന്തിക്കാത്തത്ര വലിയ ഒരുക്കങ്ങളാണ് ഓരോ ലോകകപ്പിനു പിന്നിലുള്ളതും. റഷ്യയിലും സ്ഥിതി വ്യത്യസ്തമല്ല. നാലുവര്‍ഷം മുമ്പേ തുടങ്ങിയ ഒരുക്കങ്ങളുടെ ആകെത്തുകയാണ് ഇപ്പോള്‍ കാണുന്ന മനോഹര ലോകകപ്പ് മത്സരങ്ങള്‍. ഈ ലോകകപ്പിന്റെ നടത്തിപ്പില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന രണ്ടു സ്ത്രീകളുണ്ട്.

പ്രിസില്ല ജാന്‍സെന്‍സും ജോ ഫെര്‍ണാണ്ടസും. ജനറല്‍ കോഓര്‍ഡിനേറ്റര്‍ പദവിയാണ് ഇരുവരും റഷ്യയില്‍ വഹിക്കുന്നത്. ഇരുപതു വര്‍ഷമായി ഫുട്‌ബോളുമായി ബന്ധപ്പെട്ടാണ് പ്രിസില്ലയുടെ പ്രവര്‍ത്തനങ്ങള്‍. അയാക്‌സില്‍ വിദേശ താരങ്ങളെ അസിസ്റ്റ് ചെയ്തായിരുന്നു തുടക്കം. 2004 മുതല്‍ യുവേഫയുടെ വെന്യു ഡയറക്ടര്‍. 2007 മുതല്‍ ഡച്ച് വനിതാ ഫുട്‌ബോളിന്റെ പ്രൊഫഷണല്‍വത്കരണത്തിനു ചുക്കാന്‍ പിടിച്ചു.

ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനു കീഴില്‍ ന്യൂ സൗത്ത് വെയില്‍സിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വകുപ്പിന്റെ മേധാവിയാണ് ജോ. ഫിഫ ഇവന്റുകളില്‍ ആദ്യമായല്ല ഇരുവരും നടത്തിപ്പ് ചുമതല വഹിക്കുന്നത്. എന്നാല്‍, ലോകകപ്പോളം വലിയൊരു ഇവന്റില്‍ ആദ്യമാണ്.

കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ കളിക്കാര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങള്‍, ടീമിന്റെ ഹോട്ടല്‍ താമസം, സ്റ്റേഡിയം സുരക്ഷ, ഫാന്‍ ഫെസ്റ്റുകള്‍, ടെലിവിഷന്‍ ഹൈലൈറ്റ്‌സ്, ടിക്കറ്റ്, മാധ്യമങ്ങള്‍, മാര്‍ക്കറ്റിംഗ് എന്നു വേണ്ട ചെറുതും വലുതുമായ സര്‍വ കാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നത് ഇരുവരുമാണ്.