SHARE

റഷ്യന്‍ ലോകകപ്പ് കണ്ട കേരളീയരുടെ എണ്ണം പുറത്തുവന്നു. 1.78 കോടി പേര്‍ ലോകകപ്പ് മത്സരങ്ങള്‍ ടിവിയിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും കണ്ടു. ദേശീയ തലത്തില്‍ ബംഗാളിനു മാത്രം പിന്നിലാണ് കേരളം. 2.22 കോടി പേരുമായി ബംഗാളാണ് ഒന്നാമത്. ജനസംഖ്യ വച്ചു കണക്കു കൂട്ടിയാല്‍ പകുതിയിലേറെ കേരളീയരും കളി കണ്ടു.

രാജ്യത്താകമാനം 11.05 കോടി ജനങ്ങള്‍ ലോകകപ്പ് കണ്ടു. മുന്‍ ലോകകപ്പിനേക്കാള്‍ വലിയ വര്‍ധനവുണ്ട്. സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ഇഎസ്പിഎന്‍ ചാനലുകളും ലൈവ് വീഡിയോ സംവിധാനമായ സോണിലൈവിലൂടെ മൊബൈലിലും വെബ്‌സൈറ്റ് വഴിയുമാണ് ഇന്ത്യക്കാര്‍ കളി കണ്ടത്. ഐഎസ്എല്ലിന്റെ വരവും ഇന്ത്യന്‍ ടീമിന്റെ ഭേദപ്പെട്ട പ്രകടനവും ഫുട്‌ബോളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചു.

ലോകകപ്പ് മത്സരങ്ങളില്‍ ഫൈനലാണ് കൂടുതല്‍ പേര്‍ കണ്ടത്. ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന ഫൈനല്‍ 5.12 കോടി ആളുകള്‍ ഇന്ത്യയില്‍ മാത്രം കണ്ടു. വനിതാ പ്രേക്ഷകരുടെ എണ്ണത്തിലെ വര്‍ധന ശ്രദ്ധേയമായി. ലോകകപ്പ് സംപ്രേഷണം കണ്ടവരില്‍ 47 ശതമാനം സ്ത്രീകളാണ്. ചരിത്രത്തില്‍ ആദ്യമായി മലയാളം കമന്ററി ഏര്‍പ്പെടുത്തിയപ്പോള്‍ 97 ലക്ഷം പേര്‍ മലയാളത്തിലാണ് കളി കണ്ടത്. 200 കോടി രൂപയോളം പരസ്യ വരുമാനമായി സോണിക്ക് ലഭിച്ചു.