SHARE

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ പതിവ് കഥ തുടർന്ന ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിലും ഓസ്ട്രേലിയ ആധിപത്യം സ്ഥാപിക്കുന്നു. ആദ്യ ഇന്നിംഗ്സിൽ 346 റൺസിന് പുറത്തായ സന്ദർശകർക്കെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ 193/2 എന്ന നിലയിലാണ് ഓസ്ട്രേലിയ.

സിഡ്നിയിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം 233/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിംഗ് തകർച്ച നേരിടുകയായിരുന്നു. 83 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് അവരുടെ ടോപ് സ്കോറർ. ദാവീദ് മലാൻ 62 റൺസും, ടോം കുറാൻ 39 റൺസും നേടി. ഓസീസിനായി പാറ്റ് കമ്മിൻസ് 4 വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെയും തുടക്കം തകർച്ചയോടെയായിരുന്നു. റണ്ണൊന്നുമെടുക്കാതെ ബാൻ ക്രോഫ്റ്റ് പവലിയനിൽ തിരിച്ചെത്തുമ്പോൾ ഓസീസ് സ്കോർ ബോർഡിൽ 1 റൺസ് മാത്രം. പിന്നീട് ഒത്തു ചേർന്ന ഡേവിഡ് വാർണറും (56) , ഉസ്മാൻ ഖവാജയും ചേർന്ന് ഓസീസ് സ്കോറിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 91 റൺസോടെ ഖവാജയും, 44 റൺസുമായി സ്റ്റീവ് സ്മിത്തുമാണ് നിലവിൽ ക്രീസിലുള്ളത്. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും വിജയിച്ച ഓസ്ട്രേലിയ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു‌.