SHARE

മുന്‍ ഐ എസ് എല്‍ താരം ഫിക്രു ടെഫേര വീണ്ടും ഇന്ത്യയില്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടിയും ചെന്നൈയിന്‍ എഫ് സിക്ക് വേണ്ടിയുടെ കളിച്ച എത്യോപ്യന്‍ താരം ഇത്തവണ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ടീമായ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിന്‍ എഫ് സി റിസ്സര്‍വ്വ്‌സിനെതിരായ മത്സരം കാണാന്‍ ഫിക്രു മൈതാനത്തെത്തിയിരുന്നു.

ആദ്യ ഐ എസ് എല്‍ സീസണില്‍ കൊല്‍ക്കത്തക്ക് വേണ്ടി 12 മത്സരങ്ങളില്‍ നിന്ന് 5 ഗോളുകളാണ് ഫിക്രു നേടിയത്. പിന്നീട് ചെന്നൈയിന് വേണ്ടി പന്തു തട്ടിയ താരം 11 കളികളില്‍ നിന്ന് ഒരു ഗോളും നേടി. അതിന് ശേഷം ബംഗ്ലാദേശിലെ ഷെയ്ഖ് റസ്സല്‍ ക്ലബിനും ദക്ഷിണാഫ്രിക്കയിലെ ഹൈലാന്‍ഡ്സ് പാര്‍ക്ക് ഫുട്ബോള്‍ ക്ലബിനും വേണ്ടിയാണ് ഫിക്രു ബൂട്ട് കെട്ടിയത്. ഫ്രീ ഏജന്റായി നില്‍ക്കുകയായിരുന്ന താരത്തെ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ടീമിലെത്തിക്കുകയായിരുന്നു. നേരത്തെ താരം മോഹന്‍ ബഗാനിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരന്നു.

ടീമിനെ ഐ ലീഗിലേക്ക് നയിക്കുകയാണ് തന്റെ വരവിന്റെ ഉദ്ദേശ്യമെന്ന് ഫിക്രു മാധ്യമങ്ങളോട് വ്യക്തമാക്കി. എന്തായാലും താരം ആദ്യമായി ടീമിനൊപ്പമെത്തിയ മത്സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ടിംഗ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കൊല്‍കത്തൻ ടീം ചെന്നൈയിന്‍ എഫ് സി റിസ്സര്‍വ്വ് ടീമിനെ തോല്‍പ്പിച്ചത്.