SHARE

ഒടുവിൽ കൊസോവോ എന്ന കുഞ്ഞുടീം തോൽവിയറിഞ്ഞു. തുടർച്ചയായ പതിനഞ്ച് മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറിയ കൊസോവോയെ അവസാനം വീഴ്ത്തിയത് അതിശക്തരായ ഇം​ഗ്ലണ്ട്. എങ്കിലും കൊസോവോയ്ക്ക് അഭിമാനിക്കാം. ഇം​ഗ്ലീഷ് പടയെ അവരുടെ നാട്ടിൽ പോയി വിറപ്പിച്ചശേഷമാണ് കൊസോവോ കീഴടങ്ങിയത്.

യൂറോ യോ​ഗ്യതാ മത്സരത്തിലാണ് കൊസോവോയ്ക്ക് മേൽ ഇം​ഗ്ലണ്ടിന്റെ ജയം. സതാംപ്ടനിലെ സെന്റ് മേരീസ് സ്റ്റേഡിയത്തിൽ മൂന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് ഇം​ഗ്ലണ്ട് കൊസോവോയെ വീഴ്ത്തിയത്. സ്കോർ സൂചിപ്പിക്കും പോലെ ഇം​ഗ്ലണ്ടിനെ കൊസോവോ ശരിക്കം വെള്ളം കുടിപ്പിച്ചു.

മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ഇം​ഗ്ലീഷ് ആരാധകരെ നിശ്ബദരാക്കി വലോൺ ബെരിഷയിലൂടെ കൊസോവോ മുന്നിലെത്തി. എന്നാൽ എട്ടാം മിനിറ്റിൽ റഹിം സ്റ്റെർലിങ്ങിലൂടെ ഇം​ഗ്ലണ്ട് ലീഡെടുത്തു. തുടർന്ന് ജോഡൻ സാഞ്ചോയുടെ ഇരട്ട​ഗോളും ഹാരി കെയിൻ നേടിയും ​ഗോളും ഇതിനുപുറമെ കൊസോവോ വഴങ്ങിയ സെൽഫ് ​ഗോൾ കൂടിയായപ്പോൾ ആദ്യ പകുതി അവസാനിച്ചപ്പോൾ ഒന്നിനെതിരെ അഞ്ച് ​ഗോളിന് ഇം​ഗ്ലണ്ട് മുന്നിൽ.

ഇതോടെ കൊസോവോയുടെ പതനമാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം ബെരിഷയിലൂടെ കൊസോവോ രണ്ടാം ​ഗോൾ നേടി. ആറ് മിനിറ്റുകൾക്ക് ശേഷം വേദത്ത് മുറിഖിയിലൂടെ കൊസോവോ മൂന്നാം ​ഗോളും നേടിയതോടെ ആരാധകർ ആവേശത്തിലായി.

എന്നാൽ ശേഷിക്കുന്ന സമയം കൊസോവോയെ ​ഗോളടിപ്പിക്കാതെ പിടിച്ചുനിർത്താൻ ഇം​ഗ്ലണ്ടിനായി. ഇതോടെ നിർണായകമായ മൂന്ന് പോയിന്റ് ഇം​ഗ്ലണ്ടിന് സ്വന്തം. മറുവശത്ത് പൊരുതിത്തോറ്റത്തിന്റെ അഭിമാനത്തിൽ കൊസോവോയ്ക്ക് തലയുയർത്തി മടക്കം.