SHARE

കളിക്കളത്തിൽ വികാരങ്ങൾ അടക്കിപ്പിടിക്കാൻ സാധിക്കാത്ത താരമാണ് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡ. സന്തോഷമോ, നിരാശയോ, ദേഷ്യമോ വന്നാൽ അത് അപ്പോൾത്തന്നെ പ്രകടിപ്പിക്കാനും താരം മറക്കാറില്ല. ഇക്കാരണം കൊണ്ടു തന്നെ പല തവണ ഐസിസി യുടെ അച്ചടക്ക നടപടിക്കും റബാഡ വിധേയനായിട്ടുണ്ട്. ഇപ്പോളിതാ താരത്തിന്റെ ഇത്തരം പ്രവൃത്തിക്ക് ഒരുദാഹരണം കൂടി.

ഓസ്ട്രേലിയയ്ക്കെതിരെ പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ അൻപത്തിരണ്ടാം ഓവർ എറിഞ്ഞ റബാഡ ഓവറിന്റെ അവസാന പന്തിൽ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. എതിർ ക്യാപ്റ്റന്റെ വിക്കറ്റ് നേടിയ സന്തോഷത്തിൽ റബാഡ മതി മറന്നു. അലറി വിളിച്ച് ആ വിക്കറ്റ് ആഘോഷിച്ച താരം പുറത്തേക്ക് നടന്ന് തുടങ്ങിയ സ്മിത്തിന്റെ തോളത്ത് ചെറുതായൊന്ന് തട്ടുക കൂടി ചെയ്തു. സംഭവം അപ്പോൾത്തന്നെ സ്മിത്ത് അമ്പയറെ ധരിപ്പിക്കുകയും ചെയ്തു.

ഈ ചെറിയ കാലയളവിൽ ആവശ്യത്തിൽക്കൂടുതൽ അച്ചടക്കനടപടി നേരിട്ടിട്ടുള്ള താരമാണ് റബാഡ. ഇന്നത്തെ സംഭവത്തിലും അത്തരം എന്തെങ്കിലും നടപടികൾ ഉണ്ടാവുകയാണെങ്കിൽ കനത്ത തിരിച്ചടിയാകും ദക്ഷിണാഫ്രിക്കൻ പേസർക്ക് അത്.