SHARE

പൊഴിയൂരുകാരൻ ബ്രിട്ടോ തന്റെ ആദ്യ ഐ-ലീഗ് ഗോൾ കണ്ടെത്തിയ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സ് ഷില്ലോങ് ലജോങിനെ രണ്ട് ഗോളുകൾക്ക് തകർത്തു.
കളി തുടങ്ങി എട്ടാം മിനിറ്റിൽ മൈതാന മധ്യത്തിൽ നിന്ന് ചർച്ചിൽ ഡിഫൻഡർ മണ്ടേ ഉയർത്തി അടിച്ച പന്ത് കൈപ്പിടിയിൽ ഒതുക്കുന്നതിൽ ലജോങ് ഗോൾ കീപ്പർക്ക് പിഴച്ചപ്പോൾ കളിയിലെ ആദ്യ ഗോൾ പിറന്നു.

ഗോൾ വീണ ശേഷം കളിയിൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ച ഗോവക്കാർ തുടർച്ചയായി ലജോങ് ഗോൾ മുഖം വിറപ്പിച്ചെങ്കിലും ആദ്യ പകുതിയിൽ ഷില്ലോങ്ങുകാർക്ക് കൂടുതൽ പ്രഹരം ഏറ്റില്ല. വലതു വിങ്ങിൽ കളിച്ച മലയാളി താരം ബ്രിട്ടോയുടെ കാലിൽ പന്ത് കിട്ടിയപ്പോളെല്ലാം ലജോങ് ഡിഫൻസ് ശരിക്കും വിയർത്തു. വിങ്ങിൽ ബ്രിട്ടോയും, മുന്നിൽ ഇന്ന് ആദ്യ മത്സരത്തിനിറങ്ങിയ വിദേശ താരം സീസെയും തകർത്ത് കളിച്ചപ്പോൾ ഗോവയിലെ കാണികൾക്ക് അതൊരു വിരുന്നായി മാറി, ഇരുവരും ചേർന്ന് നടത്തിയ നീക്കങ്ങൾ പലപ്പോഴും നിർഭാഗ്യം കൊണ്ട് മാത്രമായിരുന്നു ലക്ഷ്യം കാണാതെ പോയത്.

മലയാളി താരത്തിന്റെ അധ്വാനത്തിന് ഫലമെന്നവണ്ണം 76-ആം മിനിറ്റിൽ മത്സരത്തിലെ രണ്ടാം ഗോൾ പിറന്നു, വെയ്ൻ വാസ് നൽകിയ പന്തുമായി വലതു വിങ്ങിലൂടെ ഓടികയറിയ ബ്രിട്ടോ, ബോക്സിന് വെളിയിൽ നിന്ന് പായിച്ച ബുള്ളറ്റ് ഷോട്ട് വല തുളച്ച് അകത്ത് കയറുമ്പോൾ ലജോങ് ഗോൾകീപ്പർ നിസ്സഹായനായിരുന്നു. ഇന്ത്യൻ നേവി താരമായ ബ്രിട്ടോ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് ചർച്ചിലിന് സൈൻ ചെയ്തത്.

ബ്രിട്ടോ വരുന്നതിന് മുൻപ് അഞ്ചിൽ അഞ്ചും തോറ്റ് ലീഗിൽ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന ചർച്ചിൽ നിലവിൽ എട്ട് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. കളിച്ച മൂന്ന് മത്സരങ്ങളിലും തകർപ്പൻ പ്രകടനം നടത്തിയ ബ്രിട്ടോ ചർച്ചിലിന്റെ ആക്രമണങ്ങൾക്ക് പുത്തൻ ഉണർവ്വാണ് നൽകിയത്.

ഈസ്റ്റ് ബഗാളിനെതിരെ ആയിരുന്നു ഐ-ലീഗിൽ ഈ മലയാളി താരത്തിന്റെ അരങ്ങേറ്റം, കളിയിൽ സമനില ഗോളിന് അസിസ്റ്റ് ചെയ്ത ബ്രിട്ടോ ഗോകുലം എഫ്.സിയുമായുള്ള മത്സരത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ന് മത്സരത്തിന് മുൻപ് ചർച്ചിൽ ബ്രദേഴ്‌സിന്റെ ഒഫീഷ്യൽ പേജിൽ ബ്രിട്ടോ ഗോൾ നേടും എന്ന് പറഞ്ഞു സപ്പോർട്ട് ചെയ്ത കേരളത്തിലെ ആരാധകർക്കുള്ള സമ്മാനം കൂടിയാണ് താരത്തിന്റെ തകർപ്പൻ ഗോൾ.

കടപ്പാട് : കേരളാ ഫുട്ബോൾ ലൈവ്