SHARE

രോഹിത് ശര്‍മ്മയും യുവരാജ് സിംഗും ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച കൂട്ടുകാരായാണ് അറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും താരങ്ങള്‍ പരസ്പരം കാണിക്കുന്ന ആദരവ് ആരാധകര്‍ കാണുന്നതുമാണ്. എന്നാല്‍ ആദ്യകാഴ്ച്ചയില്‍ യുവരാജ് അത്ര നന്നായല്ല, പെരുമാറിയതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് രോഹിത് ശര്‍മ്മ തന്നെയാണ്. ‘ബ്രേക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ്’ എന്ന യു ട്യൂബ് പരമ്പരയുടെ എപിസോഡിലാണ് യുവരാജിനെ കുറിച്ച് രോഹിത് മനസ്സ് തുറന്നത്.

രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച 2007ലെ ടി20 ലോകകപ്പിനിടയിലാണ് സംഭവം. ‘ എനിക്ക് സീനിയര്‍ താരങ്ങളോട് അല്‍പ്പം ഭയം തോന്നിയിരുന്നു. ഒരു തവണ ടീം ബസ് പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഞാന്‍ ബസിനടുത്തെത്തി, മറ്റു താരങ്ങളെല്ലാം പതുക്കെ എത്തിയപ്പോള്‍, യുവരാജ് ഭയങ്കര ഗൗരവത്തോടെയാണ് വന്നത്” അതിന് ശേഷം ഒരു മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച യുവരാജിനെ അഭിനന്ദിക്കാന്‍ ചെന്ന തന്നോട് യുവരാജ് ഒരു താല്‍പ്പര്യവും കാണിക്കാതെയാണ് നന്ദി പറഞ്ഞതെന്നും രോഹിത് പറഞ്ഞു. ഒരുതവണ ടീം ബസില്‍ വെച്ച് യുവരാജിന്റെ സീറ്റില്‍ അറിയാതെ ഇരുന്നതിന്‌ യുവരാജ് ചോദ്യം ചെയ്തിരുന്നുവെന്നും, ആദ്യ കാഴ്ച്ചയില്‍ യുവരാജിനെ കുറിച്ച് അത്ര നല്ല, ഇമേജല്ല മനസ്സില്‍ തോന്നിയതെന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

പിന്നീട് രോഹിത് അരങ്ങേറിയ ലോകകപ്പിലെ തന്നെ ഇംഗ്ലണ്ടിനെതിരെ,  ഒരു ഓവറില്‍ ആറു സിക്‌സറുകളടിച്ച് യുവരാജ് റെക്കോര്‍ഡിട്ട മത്സരത്തിന് ശേഷമാണ് തങ്ങള്‍ സൗഹൃദത്തിലായതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താരങ്ങളും കുടുബങ്ങളും തമ്മില്‍ നല്ല സൗഹൃദത്തിലാണുള്ളത്. രോഹിതിന്റെ ഭാര്യ റിതികയെ ആദ്യമായി കണ്ട് മുട്ടുമ്പോഴും യുവരാജ് കൂടെ ഉണ്ടായിരുന്നു. റിതികയെ നോക്കുക പോലും ചെയ്യരുതെന്നാണ് യുവരാജ് താക്കീത് നല്‍കിയതെന്നും രോഹിത് തമാശയോടെ പറഞ്ഞു.