SHARE

ഇംഗ്ല‌ണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 160 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 205 ന് മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ തങ്ങളുടെ ഒന്നാമിന്നിംഗ്സിൽ 365 റൺസ് നേടുകയായിരുന്നു. ഋഷഭ് പ‌ന്തിന്റെ സെഞ്ചുറിക്ക് പിന്നാലെ വാഷിംഗ്ടൺ സുന്ദറിന്റെ സെഞ്ചുറിക്ക് പറ്റെയെത്തിയ പ്രകടനവും മത്സരത്തിൽ തകർപ്പൻ ലീഡെടുക്കാൻ ഇന്ത്യയെ സഹായിച്ചു.

294/7 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദറും, അക്സർ പട്ടേലും ചേർന്ന് തകർത്തടിക്കുകയായിരുന്നു. തുടർച്ചയായി ബൗണ്ടറികൾ നേടിയ ഇരുവരും ഇംഗ്ലണ്ട് ബോളർമാരുടെ ക്ഷമ നശിപ്പിച്ചു. ഇന്ത്യൻ സ്കോർ 365 ൽ നിൽക്കെ അക്സർ പട്ടേൽ റണ്ണൗട്ടായതോടെ കളി മാറി. പിന്നീടുള്ള രണ്ട് വിക്കറ്റുകൾ കൂടി ഇതേ സ്കോറിൽ നഷ്ടമായ ഇന്ത്യ 365 റൺസിൽ ഓളൗട്ടായി.

അക്സർ 5 ബൗണ്ടറികളും ഒരു സിക്സറുമടക്കം 43 റൺസ് നേടിയപ്പോൾ, കന്നി സെഞ്ചുറി നേടുമെന്ന് ഉറപ്പിച്ച് മുന്നേറിയ വാഷിംഗ്ടൺ സുന്ദർ 10 ബൗണ്ടറികളും ഒരു സിക്സറുമടക്കം 96 റൺസ് നേടി മത്സരത്തിൽ പുറത്താകാതെ ‌നിന്നു. 4 വിക്കറ്റെടുത്ത ബെൻ സ്റ്റോക്ക്സാണ് ഇംഗ്ലണ്ട് ബോളർമാരിൽ നേട്ടമുണ്ടാക്കിയത്.അതേ സമയം 160 റൺസിന്റെ ഒന്നാമിന്നിംഗ്സ് കടവുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 6/0 എന്ന നിലയിലാണ്.