SHARE

പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ പകുതിയോടെ ആരംഭിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും ടൂർണമെന്റിന്റെ വിശദമായ വിവരങ്ങളൊന്നും ഇതു വരെ അവർ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഇപ്പോളിതാ, മാർച്ച് ആദ്യ വാരം ചേരുന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പതിനാലാം എഡിഷൻ ഐപിഎല്ലുമായി ബന്ധപ്പെട്ടുള്ള 3 പ്രധാന കാര്യങ്ങളിൽ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഇൻസൈഡ് സ്പോർട്.

മാർച്ച് ആദ്യം നടക്കുന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കരുതപ്പെടുന്ന 3 കാര്യങ്ങൾ ഇവയാണ്,

1) ഐപിഎൽ വേദി : എവിടെയാകും ഇക്കുറി ഐപിഎൽ നടത്തുക?

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് എവിടെ സംഘടിപ്പിക്കുമെന്ന കാര്യത്തിൽ ഇതു വരെ തീരുമാനമെടുക്കാൻ ബിസിസിഐയ്ക്ക് കഴിഞ്ഞിട്ടില്ല. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസൺ ഐപിഎൽ യു എ ഇ യിലേക്ക് പറിച്ചു നട്ടെങ്കിലും ഇക്കുറി ഇന്ത്യയിൽത്തന്നെ ടൂർണമെന്റ് നടക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ട്. എന്നാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകൾക്ക് കുറവില്ലാത്തതിനാൽ ഐപിഎൽ ഇക്കുറി ഇന്ത്യയിൽ നടത്തുന്നത് റിസ്ക് ആയിരിക്കുമെന്നാണ് ബിസിസിഐയിലെ ഒരു വിഭാഗത്തിന്റെ പക്ഷം‌. എന്തായാലും ഇത്തവണത്തെ ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

2) ഐപിഎൽ തീയതി – ഐപിഎൽ 2021 എന്ന് തുടങ്ങും?

ഏപ്രിൽ 11 ന് ആരംഭിച്ച് ജൂൺ ആദ്യ ആഴ്ച വരെയായിരിക്കും ഈ വർഷത്തെ ഐപിഎൽ എന്ന് നേരത്തെ ബിസിസിസി സൂചനകൾ നൽകിയിരുന്നുവെങ്കിലും ഇക്കാര്യത്തിലും ഔദ്യോഗിക പ്രഖ്യാപനം അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇന്ത്യയും ഇംഗ്ല‌ണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമേ ഐപിഎൽ തീയതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകൂ എന്ന് കഴിഞ്ഞ ദിവസം ബിസിസിഐ ട്രഷറർ അരുൺ ധുംലാൽ പറഞ്ഞിരുന്നുവെങ്കിലും ഇക്കാര്യത്തിലെ (തീയതിയുമായി ബന്ധപ്പെട്ട്) അന്തിമ തീരുമാനം ഇത്തവണത്തെ ഗവേണിംഗ് കൗൺസിൽ യോഗത്തിലുണ്ടാകും.

3) ഐപിഎൽ മത്സരക്രമം

ഐപിഎല്ലിന്റെ മത്സരക്രമം കുറഞ്ഞത് ഒരു മാസം മുന്നേയെങ്കിലും പ്രഖ്യാപിക്കണമെന്ന് ബ്രോഡ്കാസ്റ്റർമാർ ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് സൂചനകൾ. ടൂർണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ അവർക്ക് നടത്തുന്നതിന് വേണ്ടിയാണിത്. ഇത്തരമൊരു ആവശ്യം ബ്രോഡ്കാസ്റ്റർമാരിൽ നിന്ന് വന്നിരിക്കുന്ന സാഹചര്യത്തിൽ ബിസിസിഐ എത്രയും വേഗം ഐപിഎൽ ഫിക്സ്ചർ പുറത്ത് വിടേണ്ടതുണ്ട്. ഇക്കാര്യത്തിലും ഗവേണിംഗ് കൗൺസിലിൽ അന്തിമ തീരുമാനമുണ്ടാകും.