SHARE

ഈ മാസമാണ് ഇന്ത്യ തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നത്. നവംബർ 22 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഈ മത്സരം ആരംഭിക്കുന്നത്. പിങ്ക് പന്തുകളാണ് ഡേ-നൈറ്റ് ടെസ്റ്റിൽ ഉപയോഗിക്കുന്നത്. ഇതേ വരെ ഒരു ഡേ-നൈറ്റ് ടെസ്റ്റ് പോലും കളിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യൻ താരങ്ങൾക്ക്, പി‌ങ്ക് ബോളിൽ കളിക്കുന്ന കാര്യത്തിൽ വലിയ ധാരണയില്ല.

തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് മുൻപ് പിങ്ക് ബോളിൽ കളിച്ച് പൊരുത്തപ്പെടുന്നതിന് വേണ്ടി ബാംഗ്ലൂരിൽ പരിശീലനം നടത്തിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യൻ താരങ്ങൾ.‌ ഇന്ന് ബാംഗ്ലുരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന പിങ്ക് ബോൾ പരിശീലനത്തിൽ അഞ്ച് ഇന്ത്യൻ താരങ്ങളാണ് പങ്കെടുത്തത്. ഇന്ത്യൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡാണ് പിങ്ക് ബോളിൽ ഇന്ത്യൻ താരങ്ങളെ പരിശീലിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയത്.

അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര, മയങ്ക് അഗർവാൾ, മൊഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നീ ഇന്ത്യൻ താരങ്ങളാണ് പിങ്ക് ബോളിൽ ‘സ്പെഷ്യൽ പ്രാക്ടീസ്’ നടത്തിയത്. രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ ഇന്ത്യൻ ടീമിനെ സഹായിക്കാൻ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പാടാക്കി നൽകിയ ബോളർമാരുമുണ്ടായിരുന്നു.