SHARE

കൊറോണ വൈറസ് ബാധ അതീവ​ഗുരുതരമായ ഇറ്റലിയിലെ സൂപ്പർ ക്ലബ് സാംപ്ദോറിയയുടെ അഞ്ച് താരങ്ങൾക്ക് വെറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. അഞ്ച് താരങ്ങളുടെ ആദ്യ പരിശോധനഫലം പോസിറ്റീവാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ക്ലബിലെ ഇറ്റാലിയൻ മുന്നേറ്റതാരം മണോലോ ​ഗാബിയാദിനിക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ടീമിലെ എല്ലാവർക്കും പരിശോധന നടത്തിയപ്പോഴാണ് നാല് താരങ്ങളുടെ കൂടെ പരിശോധനാഫലം പോസിറ്റീവായത്. നോർവേ താരം മോർട്ടെൻ തോർസ്ബി, സ്വീഡിഷ് താരം ആൽബിൻ എക്ദൽ, ഇറ്റാലിയൻ താരം അന്റോണിയോ ലാ ​ഗുമിന, ​ഗാബിയൻ താരം ഒമർ കൊള്ളെ എന്നിവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

താരങ്ങൾക്ക് പുറമെ ക്ലബ് മെഡിക്കൽ സംഘത്തിലെ ഒരു ഡോക്ടറുടെ പരിശോധനഫലവും പോസിറ്റീവാണ്. യുവന്റസിന്റെ പ്രതിരോധതാരം ഡാനിയേലെ റു​ഗാനിയാണ് ഇറ്റലിയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ച ഫുട്ബോൾ താരം. പിന്നാലെ നടത്തിയ പരിശോധനകളിൽ വിവധ ക്ലബുകളിലെ താരങ്ങളിലും രോ​ഗലക്ഷണങ്ങൾ കണ്ടിരുന്നു.