SHARE

എതിരാളികൾ പോലും ഓർക്കാനാ​ഗ്രഹിക്കാത്തതാണ് റയൽ മഡ്രിഡിന്റെ കഴിഞ്ഞ സീസൺ. ലാ ലി​ഗയിലും ചാമ്പ്യൻസ് ലീ​ഗിലുമെല്ലാം തകർന്നടിഞ്ഞ അവർ ഇക്കുറി ട്രാൻസ്ഫർ ജാലകം തുറക്കുന്നതിന് മുമ്പ് തന്നെ വരും സീസണിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.

ഈഡൻ ഹസാർഡ്, എഡർ മിലിറ്റാവോ, ഫെർലാൻഡ് മെൻഡി, ലൂക്കാ ജോവിച്ച് തുടങ്ങി ഒരു പിടി സൂപ്പർതാരങ്ങളെ റാഞ്ചി വൻ തിരിച്ചുവരവ് ലക്ഷ്യമിടുന്ന റയലിന് എന്നാൽ അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് പരിക്ക്. ഇക്കുറി ടീമിലെത്തിയവരടക്കം അഞ്ച് പ്രധാന താരങ്ങളാണ് റയൽ നിരയിൽ ഒരാഴ്ചയ്ക്കിടെ പരിക്കേറ്റു പുറത്തായത്.

യുവതാരം മാർക്കോ അസെൻസിയോക്കാണ് ആദ്യം പരിക്കേറ്റത്. കാൽമുട്ടിന്റെ ലി​ഗമെന്റിന് പരിക്കേറ്റ അസെൻസിയോക്ക് സീസൺ മുഴുവൻ നഷ്ടമാകാനും സാധ്യതയുണ്ട്. ഇക്കുറിയെത്തിയ ഫെർലാൻഡ് മെൻഡിക്ക് തുടയിലാണ് പരിക്കേറ്റത്. അത്ലെറ്റിക്കോ മഡ്രിഡിനെതിരായ തോൽവിക്കിടെയാണ് ജോവിച്ചിന്റെ കണ്ണങ്കാലിന് പരിക്കേറ്റത്.

ഈ വർഷമാദ്യം ടീമിലെത്തിയ യുവതാരം ബ്രാഹിം ഡയസിന് കാലിന്റെ പിൻതുടഞരമ്പിനേറ്റ പരിക്കാണ് വിനയായത്. ടീം ​ഗോളി ബെൽജിയൻ താരം തിബോ കോർട്ട്വയ്ക്കും കണ്ണങ്കാലിനാണ് പരിക്ക്. സീസണിലെ ആദ്യ മത്സരങ്ങൾ കോർട്ട്വയ്ക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ