SHARE

ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ഫ്ലോറെന്റിൻ പോ​ഗ്ബ എടികെ മോഹൻ ബ​ഗാനിലേക്ക് ചേർന്നത്. വിഖ്യാത ഫ്രഞ്ച് താരം പോൾ പോ​ഗ്ബയുടെ സഹോദരനാണ് ഫ്ലോറെന്റിൻ. സെന്റർ ബാക്കായ ഫ്ലോറെന്റിൻ ഫ്രഞ്ച് ക്ലബ് സോഷാക്സിൽ നിന്നാണ് ബ​ഗാനിലേക്ക് വരുന്നത്.

കരിയറിൽ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാനായാണ് താൻ ഇന്ത്യയിലേക്ക് വരുന്നതെന്നാണ് ഫ്ലോറെന്റിൻ പറഞ്ഞത്. ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് അറിയാനും മനസിലാക്കാനും ഏറെയുണ്ടെങ്കിലും ചില കാര്യങ്ങൾ കേട്ടിട്ടുണ്ടെന്നും ഫ്ലോറെന്റിൻ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീ​ഗിനെക്കുറിച്ച് എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്, എങ്കിലും മുമ്പ് ഇന്ത്യയിൽ കളിച്ചിട്ടുള്ള ഇതിഹാസതാരങ്ങളായ റോബർട്ട് പൈറസ്, നിക്കോളാസ് അനെൽക്ക തുടങ്ങിയവരിൽ നിന്ന് ഇവിടുത്തെ ഫുട്ബോളിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്, അതിൽ നിന്ന് മനസിലായത് ഇന്ത്യയിൽ ഫുട്ബോളിന് വലിയ പരി​ഗണനയുണ്ടെന്നും രാജ്യത്താകമാനം ആരാധകരുമുണ്ടെന്നാണ്, ഫ്ലോറെന്റിൻ പറഞ്ഞതായി ഖേൽനൗ റിപ്പോർട്ട് ചെയ്തു.