SHARE

ആവേശപ്പോരാട്ടത്തിനായി ടീം ഇന്ത്യയും വെസ്റ്റിന്‍ഡീസും തിരുവനന്തപുരത്തെത്തിക്കഴിഞ്ഞു. അതു കൊണ്ട് തന്നെ കോവളം രവീസ് ഹോട്ടലിലെ ഷെഫുമാര്‍ തിരക്കിലാണ്. അതിഥികളായെത്തുന്നവരുടെ വയറുമാത്രല്ല മനസ്സും നിറച്ചു വിടണമെന്ന നിര്‍ബന്ധം ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്ക് പണ്ടേ നിര്‍ബന്ധമാണ്. മറ്റു ടീമഗംങ്ങളുടെ ഭക്ഷണ രീതിയില്‍ നിന്നും വളരെ വ്യത്യസ്തമാണ് നായകന്‍ കോഹ്‌ലിയുടേത്.

വീഗന്‍ ഡയറ്റാണ് കോഹ്‌ലി പിന്‍തുടരുന്നത്. അമേരിക്കയില്‍ രൂപം കൊണ്ട് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ച ഒരു ഭക്ഷണ രീതിയാണിത്. പാല് , തൈര് , നെയ്യ് , മത്സ്യം മാംസം മുട്ട, എന്നിവ ഒഴിവാക്കി പച്ചക്കറികളും ഇലക്കറികളും മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണരീതിയാണിത്.

തൈരും നെയ്യും ചേരാത്ത കേരള സദ്യയാണ് കോഹ്‌ലിക്കായി ഒരുക്കുന്നത്. ഹോട്ടലിലെ തോട്ടത്തില്‍ തന്നെ നട്ടു വളര്‍ത്തിയ ജൈവ പച്ചക്കറികളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രോട്ടീന്‍ വിഭവമായ ടോഫുവാണ് കോഹ്‌ലിയുടെ ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പശുവിന്‍ പാലിനു പകരം ബദാം അല്ലെങ്കില്‍ സോയാബീന്‍ മില്‍ക്കാണ് കോഹ്‌ലിക്ക് നല്‍കുന്നത്. തവിടില്ലാത്ത ബ്രഡ്, അവക്കാഡോയും പച്ചമാങ്ങയും ചേര്‍ത്തുള്ള സാലഡ് എന്നിവയും കോഹ്‌ലിയുടെ ഡയറ്റിലുണ്ട്.
സമുദ്ര വിഭവങ്ങളും കായല്‍ വിഭവങ്ങളുമാണ് മറ്റ് താരങ്ങള്‍ക്കായി കൂടുതല്‍ ഒരുക്കിയിരിക്കുന്നത്.

രവി ശാസ്ത്രിയുടെ ഇഷ്ട വിഭവം കരിമീനും ഞണ്ടുമാണ്, കുല്‍ദ്ദീപ് യാദവിനും ഭുവനേശ്വര്‍ കുമാറിനും ചിക്കന്‍ വിഭവങ്ങളോടാണ് താത്പര്യം.തേങ്ങ വറുത്തരച്ച കോഴിക്കറി ഇന്ന് താരങ്ങളുടെ ഭക്ഷണ മേശയിലെത്തും. മസാല അധികം ചേര്‍ക്കാത്ത ബാര്‍ബിക്യു വിഭവങ്ങളുമുണ്ടാവും.