ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരുടെ മേധാവിത്വം അവസാനിപ്പിച്ചതിന്റെ പേരിലാണ് 2018-ലെ ഫിഫ പുരസ്കാരം ചരിത്രത്തിലിടം നേടിയത്. എന്നാൽ അതോടൊപ്പം തന്നെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഈ പുരസ്കാരനിശ അവസരമൊരുക്കി എന്നതാണ് യാഥാർഥ്യം
മികച്ച ഗോളിന് നൽകുന്ന പുഷ്കാസ് പുരസ്കാരം തന്നെയാണ് ഏറ്റവും വിവാദമാകുന്നത്. കഴിഞ്ഞ ഡിസംബറിൽ പ്രീമിയർ ലീഗ് മത്സരത്തിൽ എവർട്ടനെതിരെ ലിവർപൂളിനായി മുഹമ്മദ് സാല നേടിയ ഗോളാണ് പുരസ്കാരത്തിനർഹമായത്. എന്നാൽ സാലയുടെ ഗോൾ പുരസ്കാരം നേടാൻ തക്ക മികച്ചതാണോ എന്ന് വലിയ വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്.
ഇതിനവർ പറയുന്ന ഒരു കാരണം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അന്ന് ഗോൾ ഓഫ് ദ മന്ത് പുരസ്കാരം നേടാൻ സാലയുടെ ഈ ഗോളിന് സാധിച്ചിരുന്നില്ല എന്നതാണ്. അതോടൊപ്പം നെതർലൻഡ് താരം ആര്യൻ റോബൻ വർഷങ്ങളായി ഇത്തരം ഗോളുകൾ അടിക്കുന്നുണ്ടെന്നും ആരാധകർ ട്വീറ്റ് ചെയ്യുന്നു.
ഫിഫ പ്രോ ഇലവനെ തിരഞ്ഞെടുത്തതാണ് മറ്റൊരു വിവാദം. ഫിഫയുടെ മികച്ച ഗോളി പുരസ്കാരം നേടിയ ബെൽജിയത്തിന്റെ തിബോ കോർട്ടോ പ്രോ ഇലവനിലില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൻെ സ്പാനിഷ് ഗോളി ഡേവിഡ് ഡി ഗിയയാണ് പകരമുൾപ്പെട്ടിരിക്കുന്നത്. അതോടൊപ്പം ലോകകപ്പ് കളിക്കാതിരുന്ന പി.എസ്.ജിയുടെ ബ്രസീൽ താരം ഡാനി ആൽവസ് എങ്ങനെ പ്രോ ഇലവനിൽ ഇടം നേടിയെന്നും ആരാധകരും ചോദിക്കുന്നുണ്ട്..