SHARE

ക്രിക്കറ്റ് താരങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ കളിക്കുന്നത് കാണാറുണ്ട്. പക്ഷെ ഫുട്‌ബോള്‍ കളിക്കാര്‍ പരിശീലനത്തിന്റെ ഭാഗമായി ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതായി കേട്ടിട്ട് പോലുമുണ്ടാകില്ല. എന്നാല്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഗാരി ലിനേക്കര്‍, സ്റ്റീവന്‍ ജെറാര്‍ഡ്, ഫ്രാങ്ക് ലാംപാര്‍ഡ്, റിയോ ഫെര്‍ഡിനാന്‍ഡ്, പോള്‍ സ്‌കോള്‍സ് എന്നിവര്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.

ബി.ടി സ്‌പോര്‍ട്‌സ് ചാനലില്‍ ഫുട്‌ബോള്‍ ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു ഇവര്‍. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ വിശകലനത്തിന് മുന്നോടിയായി, തയ്യാറെടുക്കുന്നതിനിടെയാണ് ഇവര്‍ ക്രിക്കറ്റിലും ഒരു കൈ നോക്കിയത്. മാഞ്ചസ്റ്റര്‍ താരമായിരുന്ന ഫെര്‍ഡിനാന്‍ഡ് വിക്കറ്റ് കീപ്പര്‍ വേഷത്തിലെത്തി. മറ്റുള്ളവര്‍ മാറി മാറി ബാറ്റിംഗും ബൗളിംഗും പരീക്ഷിച്ചു.

കളിയില്‍ മികച്ച് നിന്നത് ഫ്രാങ്ക് ലാംപാര്‍ഡാണ്. ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലീഷ് ടീമിന് പിന്തുണയും അറിയിച്ചാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും ചെല്‍സിയുടേയും ലിവര്‍പൂളിന്റേയുമൊക്കെ താരങ്ങളായിരുന്ന ഇവര്‍ ക്രിക്കറ്റ് കളി മതിയാക്കിയത്.