SHARE

ലോകഫുട്‌ബോളിന് തീരാനഷ്ടമാണ് 2017 എന്ന വര്‍ഷം.മറ്റൊന്നും കൊണ്ടല്ല ഫുട്‌ബോളിന്റെ സൗന്ദര്യവും കരുത്തും ആവേശവും കളിക്കളത്തില്‍ പകര്‍ത്തി ആരാധകരെ രസിപ്പിച്ച ഒരു പിടി ഇതാഹാസങ്ങള്‍ എന്ന് തന്നെ വിളിക്കാവുന്ന കളിക്കാരാണ്‌ ഈ വര്‍ഷം ബൂട്ടഴിച്ചുവെച്ചത്.

ഫ്രാങ്ക് ലാംപാര്‍ഡ്, സ്റ്റീവന്‍ ജെറാര്‍ദ്, ഫ്രാന്‍സിസ്‌കോ ടോട്ടി, ആന്ദ്രേ പിര്‍ലോ, സാബി അലോണ്‍സോ, ഫിലിപ്പ് ലാം, തോമസ് റോസിസ്‌ക്കി, ദിദിയര്‍ ദ്രോഗ്ബ, ഏറ്റവുമൊടുവില്‍ കക്ക ഇവര്‍ ഫുട്‌ബോളില്‍ നിന്ന് തന്നെ വിരമിച്ചു. ജിയാന്‍ലൂയി ബഫണ്‍, ലിയനാര്‍ഡോ ബനൂച്ചി, ആര്യന്‍ റോബന്‍ തുടങ്ങിയവര്‍ അന്താരാഷ്ട്ര വേദികളില്‍ നിന്നും വിടചൊല്ലി. കളത്തില്‍ നിന്ന് മടങ്ങിയവരുടെ കാലടികള്‍ നോക്കി അല്‍പം നിരാശയോടെ തന്നെയേ പറയാനാകൂ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് ഭൂരിഭാഗം പേരും കടന്നുപോകുന്നത്.

ഒരു തലമുറ കണ്ടു തുടങ്ങിയതും ഇഷ്ടപ്പെട്ടതും ഇവരുടെ കളികണ്ടാണ്. എന്നാല്‍ അതിലേറെ നിരാശ തോന്നുന്നത്, ഇവരുടെ പ്രതാപകാലങ്ങള്‍ നിഴലില്‍ ഒതുങ്ങിയതോര്‍ക്കുമ്പോഴാണ്. ബാലണ്‍ ദി ഓറും, ഫിഫ മികച്ച താരത്തിനുള്ള പുരസ്‌കാരവുമൊക്കെ കണക്കുകള്‍ക്കും താരമൂല്യങ്ങള്‍ക്കും വഴിമാറിത്തുടങ്ങിയ കാലത്താണ് ഇവരില്‍ പലരും തിളങ്ങിയത്. ഇവരില്‍ കക്ക മാത്രമാണ് ഒരിക്കല്‍ ബാലണ്‍ ദി ഓര്‍ നേടിയത്. അതിന്‌ശേഷം രണ്ട് ധ്രുവങ്ങളായ ക്രസ്റ്റിയാനോ റൊണാള്‍ഡോയിലേക്കും മെസിയിലേക്കും ഫുട്‌ബോളും പുരസ്‌കാരങ്ങളും കേന്ദ്രീകരിച്ചു.

ഗോളടിച്ചവര്‍ വാഴ്ത്തപ്പെട്ടു, അതിന് സഹായിച്ചവരും അംഗീകരിക്കപ്പെട്ടു എന്നാല്‍ അതിന് വേണ്ടി നിലമൊരുക്കിയവര്‍ വെറും മധ്യനിരക്കാരായി. എതിര്‍ അക്രമങ്ങള് തടഞ്ഞവര്‍ കരുത്തുറ്റ പ്രതിരോധഭടന്മാര്‍ മാത്രമായി ഒതുങ്ങി. അതല്ലെങ്കിലും അങ്ങനെയാണല്ലോ, യുദ്ധം ജയിക്കുന്ന രാജാവ് വാഴ്ത്തപ്പെടും, പൊരുതിയ പ്രതിരോധഭടന്മാരും, തന്ത്രമുപദേശിച്ച ചാണക്യന്‍മാരും പിന്നിലേക്ക് പോകും.

സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് എന്ന പൊസിഷന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്തവരാണ് ജെറാര്‍ഡ്, അലോണ്‍സോ, ലാംപാര്‍ഡ്, പിര്‍ലോ എന്നിവര്‍. ഇവര്‍ ഗോളടിക്കുമായിരുന്നു എന്നാല്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കലായിരുന്നു ഇവരുടെ ജോലി. അതും മധ്യത്തിലെ വരയിലോ അതിന് പിന്നിലോ നിന്ന്. ഇവര്‍ക്ക് മുന്നിലും പിന്നിലും കണ്ണുകളുണ്ട്. ഡ്രിബ്ലിങ് മികവോ, സ്‌കില്ലുകളോ ആയിരുന്നില്ല ഇവരുടെയൊക്കെ കരുത്ത് മറിച്ച് കളി വായിക്കാനുള്ള ശേഷിയാണ്.

കാലിലെത്തുന്ന പാസും തലപ്പാകത്തിനെത്തുന്ന ക്രോസുകളുമായിരുന്നു ഇവരുടെ ആയുധം. മിഡ്ഫീല്‍ഡര്‍ എന്നാണ് ചുമതലയെങ്കിലും, ഇവര്‍ പ്രതിരോധത്തിലും കരുത്തരാണ് ആവശ്യം വരുമ്പോള്‍ ടാക്കിള്‍ ചെയ്യാനും ഇവര്‍ക്ക് മടിയല്ല. എതിരാളിയില്‍ നിന്ന് പിടിച്ചെടുക്കുന്ന പന്ത് എവിടേയ്ക്ക് നല്‍കണമെന്ന കാര്യത്തില്‍ ഇവര്‍വെച്ചു പുലര്‍ത്തിയിരുന്ന ജാഗ്രത അധികം പേരില്‍ കാണാനാവില്ല. ലോങ് റേഞ്ച് ഗോളുകളുടെ ആശാന്മാരാണ് ഇവര്‍ നാലുപേരും.

കക്ക, ആര്യന്‍ റോബന്‍ തുടങ്ങിയവര്‍ പൂര്‍ണതോതില്‍ ഫോര്‍വേഡുകളോ , മിഡ്ഫീല്‍ഡര്‍മാരോ അല്ല. രണ്ടിനുമിടയില്‍ കളിക്കുന്നവര്‍. റോബന് വിങ്ങര്‍ എന്ന വിശേഷണം നല്‍കാം. അസാമാന്യ സ്പീഡാണ് ഇരുരുടേയും പ്രത്യേകത. കരിയറില്‍ ഒരുവിധം നേട്ടങ്ങലെല്ലാം സ്വന്തമാക്കിയാണ് കക്ക വിടപറയുന്നത്. റയല്‍ മഡ്രിഡില്‍ കരിയര്‍ തുലച്ചതിന്റെ പാപക്കറ എന്നും കക്കയ്ക്ക് മേല്‍ ഉണ്ടെങ്കിലും.

എന്നാല്‍ റോബന്‍ അങ്ങനെയല്ല. എല്ലാം കൈയ്യെത്തും ദുരത്ത് നഷ്ടപ്പട്ടയാളാണ്. രണ്ട് തവണ ലോകകപ്പിന് അടുത്തത്തിയെങ്കിലും നിര്‍ഭാഗ്യം തടസം നിന്നു.ചെല്‍സി, റയല്‍ തുടങ്ങിയ വമ്പന്‍ ടീമുകളില്‍ കളിച്ചെങ്കിലും റോബന്റെ സമയം തെളിഞ്ഞത് ജെര്‍മനിയിലാണ്.

ഫുട്‌ബോളിന്റെ നഷ്ടമാണ് ബഫണ്‍. പ്രയത്തെ മെയ്‌വഴക്കം കൊണ്ട് കീഴ്‌പ്പെടുത്തിയ പ്രതിഭ. ലോകകിരീടം നേടിയെങ്കിലും ചാമ്പ്യന്‍സ് ലീഗെന്ന കിട്ടാക്കനിക്കായി വീണ്ടും കളത്തിലിറങ്ങുന്നു. ഒരു ബാലണ്‍ ദി ഓര്‍ അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ അതിന്റെ ചരിത്രത്തില്‍ ലെവ് യാഷിന്‍ എന്ന ഗോളിയിടെ പേര് മാത്രമേ ചേര്‍ത്തുവെച്ചിട്ടുള്ളു. പിന്നെ അടിച്ച ഗോളുകളുടെ കണക്കേ, ബാലണ്‍ ദി ഓര്‍ നോക്കു, തടുത്തിട്ടവ ആരും ശ്രദ്ധിക്കാറില്ല.

ഗോളടി മാത്രമല്ല ഫുട്‌ബോളെന്ന് തെളിയിച്ചവരാണ് അവര്‍, അത്ഭുതങ്ങളില്‍ വിശ്വസിക്കാന്‍, 2005 -ലെ മിറക്കില്‍ ഓഫ് ഇസ്താംബൂളിലൂടെ പഠിപ്പിച്ച ജെറാര്‍ദ്. ലോയല്‍റ്റിയുടെ പകരംവെക്കാനില്ലാത്ത പ്രതീകമാണ് ടോട്ടി, ചുവപ്പുകാര്‍ഡ് വാങ്ങാതെ മാന്യതയുടെ ഫുട്‌ബോള്‍ കാട്ടിത്തന്ന ലാം. പ്രായത്തിനും നിര്‍ഭ്യാഗങ്ങള്‍ മുന്നില്‍ തോല്‍ക്കരുതെന്ന് കാണിച്ചുതന്ന ബഫണും റോബനും, ഫുട്‌ബോളില്‍ അധികമില്ല ഇതുപോലുള്ള പ്രതിഭാസങ്ങള്‍. അതിനാല്‍ ഇവരൊക്കെ കളിയവസാനിപ്പിച്ച 2017 ലോകഫുട്‌ബോളിന്റെ കറുത്ത വര്‍ഷങ്ങിളില്‍ ഒന്ന് തന്നെ…