SHARE
file image

ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നു. ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസി തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മുഖ്യ എതിരാളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഹുദൂരം പിന്നിലാക്കിയാണ് മെസിയുടെ കുതിപ്പ്. ഫ്രഞ്ച് പത്രമായ ലെഗ്യൂപെയാണ് ഫുട്‌ബോളിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

മെസി പ്രതിമാസം 8.3 മില്യണ്‍ യൂറോയാണ് ശമ്പളമായി കൈപ്പറ്റുന്നത്. 4.7മില്യണ്‍ യൂറോയാണ് റൊണാള്‍ഡോയുടെ വരുമാനം. ഏകദേശം ഇരട്ടിയിലധികം വരുമാനം മെസിക്ക് കൂടുതല്‍. അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാനാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 3.3 മില്യന്‍ യൂറോയാണ് താരത്തിന്റെ പ്രതിമാസ വരുമാനം.

ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന പത്ത് താരങ്ങളുടെ ലിസ്റ്റില്‍ പ്രീമിയര്‍ ലീഗ്, ലാലിഗ, സീരീ എ, ലീഗ് വണ്‍ താരങ്ങളാണുള്ളത്. ലൂയി സുവാരസ് (2.9മില്യണ്‍ യൂറോ), ഗാരെത് ബെയ്ല്‍ (2.5 മില്യണ്‍ യൂറോ), ഫിലിപ്പേ കുട്ടീഞ്ഞോ (2.3 മില്യണ്‍ യൂറോ), അലക്‌സിസ് സാഞ്ചസ് (2.28 മില്യണ്‍ യൂറോ), എംബാപ്പെ (1.73 മില്യണ്‍ യൂറോ) മെസ്യൂട്ട് ഓസില്‍ (1.6 മില്യണ്‍ യൂറോ) എന്നിവരാണ് ആദ്യ പത്തിലെ മറ്റുതാരങ്ങള്‍.