SHARE

ജൂനിയര്‍, സബ് ജൂനിയര്‍ ഫുട്‌ബോളില്‍ തമിഴ്‌നാടിന് വേണ്ടി കളത്തിലിറങ്ങിയ യുവതാരം പി സുന്ദരമൂര്‍ത്തി സ്‌പെയിനിലേക്ക്. സ്‌പെയിനിലെ രണ്ടാം ഡിവിഷന്‍ ക്ലബ് എ ഡി അല്‍ക്കോര്‍കോണില്‍ ഒരു മാസത്തെ പരിശീലനത്തിനാണ് യുവതാരം പോവുന്നത്. നിലവില്‍ ഐ ലീഗ് ചാമ്പ്യന്‍മാരായ മിനര്‍വ്വ പഞ്ചാബിന്റെ ജൂനിയര്‍ ടീമംഗമാണ് സുന്ദരമൂര്‍ത്തി.

പി സുന്ദരമൂർത്തി

ഇന്ത്യയിലെ യുവപ്രതിഭകള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കാന്‍ കില്‍പോക്കിലെ പ്രൊഫഷണല്‍ സോക്കര്‍ അക്കാദമി സ്പാനിഷ് അക്കാദമികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എ ഡി അല്‍ക്കോര്‍ക്കോണ്‍ താരങ്ങള്‍ക്ക് വേണ്ടി സെലക്ഷന്‍ ട്രയല്‍സില്‍ നടത്തിയത്. ഈ ട്രയല്‍സിലൂടെയാണ് സ്‌പെയിനില്‍ പോയി പരിശീലനം നടത്താന്‍ സുന്ദരമൂര്‍ത്തിക്ക് അവസരം ലഭിക്കുന്നത്.

ഓഗസ്റ്റ് 15 മുതല്‍ സപ്തംബര്‍ 15 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് താരത്തിന് സ്പാനിഷ് ക്ലബില്‍ ലഭിക്കുക. 1971ല്‍ സ്ഥാപിതമായ അല്‍ക്കോര്‍ക്കോണ്‍ ക്ലബ് 2011-12 സീസണ്‍ മുതല്‍ സെഗുണ്ട ഡിവിഷനില്‍ കളിക്കുന്നുണ്ട്. 2016-17 സീസണില്‍ സ്‌പെയിനിലെ വമ്പന്‍ ക്ലബുകളെല്ലാം പങ്കെടുക്കുന്ന കോപ്പ ഡെല്‍ റേയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു അല്‍ക്കോര്‍ക്കോണ്‍.