SHARE

രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തെടുത്തത്. മുംബൈ മത്സരം തോറ്റെങ്കിലും ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ്മ 32 പന്തില്‍ 47 റണ്‍സ് നേടിയിരുന്നു. 6 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്.

മത്സരത്തിനിടെ രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ സ്റ്റമ്പ് ചെയ്യാതിരിക്കാന്‍, രോഹിത് ശര്‍മ്മ ഫുട്‌ബോള്‍ സ്‌കില്‍ പുറത്തെടുത്തതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുന്നത്. കൃഷ്ണപ്പ ഗൗതം എറിഞ്ഞ മത്സരത്തിന്റെ പത്താമത്തെ ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്ത് ക്രീസില്‍ നിന്ന് കയറിയടിക്കാനുള്ള ശ്രമത്തിലായിരുന്നു രോഹിത്.

ഗൗതമിനെ തുടരെ തുടരെ ബൗണ്ടറികള്‍ക്ക് പായിച്ചതിന് ശേഷമായിരുന്നു രോഹിതിന്റെ ശ്രമം. എന്നാല്‍ പന്തു കണക്ട് ചെയ്യാന്‍ ഹിറ്റ്മാന് സാധിച്ചില്ല. പന്ത് കയ്യില്‍ കിട്ടിയാല്‍ സാംസണ്‍ സ്റ്റമ്പ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് രോഹിത് പന്ത് കാല്‍ കൊണ്ട് തട്ടിയകറ്റിയത്. എന്നാല്‍ മൂന്നു റണ്‍സ് കൂടി ചേര്‍ത്ത് രോഹിത് ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് സമ്മാനിച്ചു. മത്സരം 4 വിക്കറ്റുകള്‍ക്കാണ് മുംബൈ പരാജയപ്പെട്ടത്.