SHARE

ഡെൽഹി ക്യാപിറ്റൽസ് ടീമിനെ ഐപിഎല്ലിൽ ഒറ്റയ്ക്ക് ചുമലിലേറ്റാനുള്ള കഴിവ് ഇന്ത്യൻ സ്റ്റാർ ഓപ്പണർ ശിഖാർ ധവാനുണ്ടെന്ന് സീനിയർ താരം അമിത് മിശ്ര. ധവാൻ ടീമിലേക്ക് തിരിച്ചെത്തിയത് ഡെൽഹിയുടെ കരുത്ത് വർധിപ്പിക്കുമെന്നും ടീം ഇക്കുറി ശക്തരാണെന്നും ഡെൽഹി താരം കൂടിയായ മിശ്ര അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ധവാൻ ടീമിൽ ചേരുന്നതിനായി താൻ ആഗ്രഹിച്ചിരുന്നു. ഡെൽഹി അദ്ദേഹത്തിന്റെ സ്വന്തം നാടാണ്, ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്ന ധവാന് ഐപിഎല്ലിൽ ഡെൽഹി ടീമിലും നിർണായക റോളാണുള്ളത്. ഇന്ത്യൻ ടീമിലെ മികച്ച ഫോം ഡെൽഹി ക്യാപിറ്റൽസിലും തുടരാൻ അദ്ദേഹത്തിന് കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നു. മികച്ച ഓപ്പണറായ ധവാൻ ടീമിലുള്ളതിനാൽ ഇടം കൈ – വലം കൈ ഓപ്പണിംഗ് ജോഡിയെ കളത്തിലിറക്കാനും ഡെൽഹിക്ക് കഴിയും. ” മിശ്ര പറഞ്ഞു.

നേരത്തെ ഐപിഎല്ലിന്റെ ആദ്യ മൂന്ന്‌ സീസണുകളിൽ ഡെൽഹിയുടെ താരമായിരുന്ന ധവാനെ ഇക്കുറി സൺ റൈസേഴ്സിൽ നിന്ന് ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയായിരുന്നു. ധവാനെ ടീമിലെത്തിക്കാൻ പകരക്കാരായി വിജയ് ശങ്കർ, ഷഹബാസ് നദീം, അഭിഷേക് ശർമ്മ എന്നീ താരങ്ങളെയായിരുന്നു ഡെൽഹി, സൺ റൈസേഴ്സിന് വിട്ടുനൽകിയത്.