SHARE

വിദേശ താരങ്ങൾക്ക് ക്ലബ്ബുകൾ ദീർഘകാല കരാർ നൽകുന്നത് മുൻപ് ഇന്ത്യൻ ഫുട്ബോളിൽ അത്ര പതിവു കാഴ്ചയായിരുന്നില്ല. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഈ രീതികളിൽ ചെറിയ മാറ്റങ്ങൾവന്ന് തുടങ്ങി. നിലവിൽ പല ഐ എസ് എൽ ടീമുകളും മികച്ച പ്രകടനം നടത്തുന്ന വിദേശ താരങ്ങൾക്ക് ദീർഘകാല കരാർ നൽകുന്നുണ്ട്. ഇത്തവണത്തെ സീസണ് ശേഷവും ടീമുകൾ ഇത്തരത്തിൽ ചില വിദേശ താരങ്ങൾക്ക് കരാർ നീട്ടി നൽകി. ഇതിനൊപ്പം സീസൺ അവസാനിച്ചതിന് പിന്നാലെ ഐ എസ് എൽടീമുകൾ ചില വിദേശ താരങ്ങളേയും സ്വന്തം തട്ടകത്തിലെത്തിച്ചു. നിലവിൽ ഐ എസ് എൽ ടീമുകളിലുള്ള വിദേശ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

കേരള ബ്ലാസ്റ്റേഴ്സ് – ഈ സീസണിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ നായകൻ ബാർത്തലോമ്യു ഒഗ്ബെച്ചി, സെർജിയോ സിഡോഞ്ച എന്നിവരുമായുള്ള കരാറുകൾ നീട്ടിയ ബ്ലാസ്റ്റേഴ്സ്. ജംഷദ്പൂർ പ്രതിരോധ താരം തിരിയെ ടീമിലെത്തിച്ചു.

ബെംഗളൂരു എഫ് സി – പ്രതിരോധ താരം ജുവാനൻ ഗോൺ സാലെസ്, ജമൈക്കൻ സ്ട്രൈക്കർ ഡിഷോൺ ബ്രൗൺ, ബ്രസീലിയൻ പ്ലേമേക്കർ റാഫേൽ അഗസ്തോ എന്നിവരാണ് ബെംഗളൂരുവിന്റെ വിദേശ താരങ്ങൾ.

എഫ് സി ഗോവ – ഈ സീസണിൽ ഹീറോ ഓഫ് ദി ലീഗായി തിരഞ്ഞെടുക്കപ്പെട്ട മൊറോക്കൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹ്യൂഗോ ബോമസാണ് ഗോവൻ ടീമുമായി ദീർഘകാല‌ കരാറുള്ള വിദേശ താരം.

മുംബൈ സിറ്റി എഫ്സി – മുപ്പത്തിമൂന്നുകാരൻ മിഡ്ഫീൽഡർ പൗളോ മച്ചാഡോ മാത്രമാണ് മുംബൈ സിറ്റി കരാർ നീട്ടി നൽകിയ ഏക വിദേശ താരം.

എടികെ – ഈ സീസണിൽ എടികെയ്ക്കായി മികച്ച പ്രകടനം നടത്തിയ റോയ് കൃഷ്ണ, ഡേവിഡ് വില്ല്യംസ്, ജാവി ഫെർണാണ്ടസ്, കാൾ മക് ഹ്യൂ, ജോൺ ജോൺസൺ എന്നീ വിദേശ താരങ്ങൾക്ക് ടീമിൽ ദീർഘകാല‌ കരാറാണുള്ളത്.

ഹൈദരാബാദ് എഫ് സി‌- സ്പാനിഷ് മധ്യനിര താരം നെസ്റ്റർ ഗോഡില്ലോ മാത്രമാണ് ഹൈദരാബാദ് എഫ് സിയിൽ ദീർഘകാല കരാറുള്ള ഏക വിദേശ താരം.

ജംഷദ്പൂർ എഫ്സി – ഐടർ മോൺറോ, ഡേവിഡ് ഗ്രാൻഡെ എന്നിവരാണ് ജംഷദ്പൂർ എഫ് സിയിൽ ദീർഘകാല കരാറുള്ള വിദേശ താരങ്ങൾ.

ഒഡീഷ എഫ് സി – സെനഗലീസ് പ്രതിരോധതാരം ദിവാൻഡു ഡിയാഗ്നെയാണ് ഒഡീഷ എഫ് സിയുമായി ദീർഘകാല കരാറുള്ള ഏക വിദേശ താരം.

അതേ സമയം മേൽപ്പറഞ്ഞ എട്ട് ടീമുകളും ഒരു വിദേശ താരത്തെയെങ്കിലും ടീമിൽ നിലനിർത്തുകയോ, അവരുമായി ദീർഘകാല‌ കരാറുകളിൽ ഏർപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും, ചെന്നൈയൻ എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി എ‌ന്നീ‌ ടീമുകൾ ഇത്തരം നീക്കങ്ങളൊന്നും ഇതേ വരെ നടത്തിയിട്ടില്ല. ഈ‌ ടീമുകൾ ഒരു വിദേശ താരത്തിനും ദീർഘകാല കരാർ നൽകിയിട്ടില്ലെന്ന് മാത്രമല്ല, ഒരു വിദേശ താരത്തിന്റേയും കരാർ നീട്ടി നൽകിയിട്ടുമില്ല.