SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ആദ്യ സീസൺ മുതൽ ഒട്ടേറെ വിദേശതാരങ്ങൾ കളിക്കുന്നുണ്ട്. സ്പെയിനിൽ നിന്നാണ് കൂടുതൽ കളിക്കാർ ഐ.എസ്.എല്ലിലുള്ളത്. ബ്രസീൽ, ഇം​ഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ധാരാളം താരങ്ങൾ ഐ.എസ്.എല്ലിന്റെ ഭാ​ഗമായിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഏറ്റവുമധികം മത്സരം കളിച്ച വിദേശതാരമെന്ന റെക്കോർഡ് സ്പാനിഷ് പ്രതിരോധതാരം ടിരിയ്ക്കാണ്. ഐ.എസ്.എല്ലിന്റെ രണ്ടാം സീസൺ മുതൽ ഇന്ത്യയിലുള്ള താരമാണ് ടിരി. ആദ്യ രണ്ട് സീസണുകളിൽ എ.ടി..കെയ്ക്കായി കളിച്ച ടിരി, പിന്നീട് മൂന്ന് സീസൺ ജെംഷദ്പുർ എഫ്സിയുടെ ജേഴ്സിയണിഞ്ഞു. കഴിഞ്ഞ സീസണിൽ എ.ടി.കെയിൽ തിരിച്ചെത്തിയ താരം ഇതുവരെ 93 സൂപ്പർ ലീ​ഗ് മത്സരങ്ങൾ കളിച്ചു.

ബ്രസീലിയൻ താരം മെമോയാണ് ഇക്കാര്യത്തിൽ രണ്ടാമൻ. 2016-ൽ ഇന്ത്യയിലെത്തിയ ഡിഫൻസീവ് മിഡ്ഫീൽഡർ 83 മത്സരങ്ങൾ കളിച്ചു. ഡെൽഹി ഡൈനാമോസ്, ജെംഷദ്പുർ എഫ്.സി, ചെന്നൈയിൻ എഫ്.സി എന്നിവയാണ് മെമോ കളിച്ച ക്ലബുകൾ. 79 മത്സരങ്ങളുമായി ബ്രസീൽ താരം മാഴ്സെലീന്യാണ് ഇക്കാര്യത്തിൽ മൂന്നാമൻ. ഐ.എസ്.എൽ മൂന്നാം സീസണിൽ ഇന്ത്യയിലെത്തിയ മാഴ്സെലീന്യോ, ഡെൽഹി ഡൈനാമോസ്, പൂനെ സിറ്റി, ഹൈദരാബാദ് എഫ്.സി, ഒഡിഷ എഫ്.സി, എ.ടി.കെ മോഹൻ ബ​ഗാൻ എന്നിവർക്കായി കളിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീ​ഗ് കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന് വിശേഷിപ്പിക്കാവുന്ന മൊറോക്കോയുടെ അഹമ്മദ് ജഹുവാണ് ഇക്കാര്യത്തിൽ നാലാമൻ. ഐ.എസ്.എൽ നാലാം സീസണിൽ എഫ്.സി ​ഗോവയിലൂടെയാണ് മിഡ്ഫീൽഡറായ ജഹു ഇന്ത്യയിലെത്തിയത്. മൂന്ന് സീസൺ ​ഗോവയ്ക്കായി കളിച്ച ജഹു, കഴിഞ്ഞ സീസണിൽ മുംബൈയുടെ ജേഴ്സിയണിഞ്ഞു. 76 ഐ.എസ്.എൽ മത്സരങ്ങളിലാണ് ജഹു ഇതുവരെ കളിച്ചത്.

സ്പാനിഷ് താരങ്ങളായ എഡു ബെഡിയ, ജുവാനൻ ബ്രസീൽ താരം റാഫേൽ ആ​ഗ്സറ്റോ എന്നിവരാണ് ഇക്കാര്യത്തിൽ അഞ്ചാമത്, ഇവർ 71 ഐ.എസ്.എൽ മത്സരങ്ങൾ വീതം കളിച്ചു. എഡു ബെഡിയ ​ഗോവയ്ക്കായും ജുവാനൻ ബെം​ഗളുരുവിനുമായാണ് ഐ,എസ്.എൽ കളിച്ചത്. ആ​ഗസ്റ്റോ ബെം​ഗളുരു, ചെന്നൈയിൻ എന്നിവർക്കായി ബൂട്ടുകെട്ടി.