SHARE

വിഖ്യാത താരം ഡീ​ഗോ ഫോർലാൻ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. എന്നാൽ കളിക്കാരനായല്ല മറിച്ച് പരിശീലകനായാണ് ഇക്കുറി യുറു​ഗ്വെ ഇതിഹാസം എത്തുന്നത്. യുറു​ഗ്വെയിലെ വമ്പൻ ക്ലബായ പെനറോളിന്റെ പരിശീലകനായാണ് ഫോർലാന്റെ തിരിച്ചുവരവ്.

കഴിഞ്ഞ വർഷം തുടക്കം മുതൽ ഹോങ്കോങ് ക്ലബ് കിച്ചിയിൽ കളിച്ചിരുന്ന ഫോർലാൻ നാല് മാസങ്ങൾക്ക് മുമ്പാണ് കളിക്കളത്തോട് വിടപറഞ്ഞത്. പിന്നാലെ വൈകാതെ തന്നെ പരിശീലക റോളിൽ തിരിച്ചെത്തിയിരിക്കുകയാണ് ഈ മുൻ സ്ട്രൈക്കർ. ഡീ​ഗോ ലോപ്പസിന് പകരമായാണ് നാൽപ്പതുകാരനായ ഫോർലാനെ പെനറോൾ ചുമതലയേൽപ്പിച്ചത്. ഫോർലാൻ യൂത്ത് കരിയർ തുടങ്ങിയ ക്ലബാണ് പെനറോൾ. പിന്നീട് 2015-16 സീസണിലും ക്ലബിനായി കളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്ലെറ്റിക്കോ മഡ്രിഡ്, ഇന്റർ മിലാൻ തുടങ്ങിയ സൂപ്പർ ക്ലബുകൾക്കായി കളിച്ചിട്ടുള്ള ഫോർലാൻ, ഐ.എസ്.എല്ലിൽ മുംബൈ സിറ്റിയേയും പ്രതിനിധീകരിച്ചിട്ടുണ്ട്. 2010-ൽ യുറ​ഗ്വെ ലോകകപ്പ് സെമിയിലെത്തുമ്പോഴും 2011-ൽ കോപ്പാ അമേരിക്ക കിരീടം ചൂടുമ്പോഴും ടീമിൽ നിറസാന്നിധ്യമായിരുന്നു ഫോർലാൻ.