SHARE

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അതിശക്തമായി പ്രതികരിച്ച് മുന്‍ താരങ്ങള്‍. സര്‍ഫാസ് അഹമ്മദിനെ നായക സ്ഥാനത്തു നിന്നും പുറത്താക്കിയ നടപടിയാണ് പാക് ക്രിക്കറ്റിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലും വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങളെ രംഗത്തെത്താന്‍ പ്രേരിപ്പിച്ചത്.

പരിശീലനും മുഖ്യ സെലക്ടറുമായ മിസ്ബാഹ് ഉള്‍ ഹഖും വിമര്‍ശിക്കപ്പെട്ടു. സര്‍ഫാസ് അഹമ്മദിനെ കഴിഞ്ഞ ദിവസമാണ് പാക് ടീമിന്റെ ടി-20, ടെസ്റ്റ് ഫോര്‍മാറ്റുകളിലെ നായക സ്ഥാനത്തു നിന്നും നീക്കിയത്. അസര്‍ അലിയെ ടെസ്റ്റ് ടീമിന്റെയും ബാബര്‍ അസമിനെ ടി-20 ടീമിന്റേയും നായകരാക്കി നിയമിക്കുകയും ചെയ്തിരുന്നു.

സര്‍ഫാസ് അഹമ്മദ് മികച്ച ക്യാപ്റ്റനായിരുന്നുവെന്നും അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കണമായിരുന്നുവെന്നും മുന്‍ താരം ജാവേദ് മിയാന്‍ദാദ് അഭിപ്രായപ്പെട്ടു. ബാബറിനെ ടി-20 നായകനാക്കിയത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെപ്പോലും ബാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാബറിനെ സംബന്ധിച്ച് ഇതേ അഭിപ്രായമാണ് മുന്‍ താരം മോഹ്‌സിന്‍ ഖാനും പങ്കുവെച്ചത്. സര്‍ഫാസ് അഹമ്മദ് ട്വന്റി-ട്വന്റിയില്‍ പാകിസ്ഥാനെ ഒന്നാമതെത്തിച്ച ആളാണെന്നു മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം തന്നെ ഞെട്ടിച്ചു എന്നായിരുന്നു മുന്‍താരം മോയിന്‍ ഖാന്‍ പറഞ്ഞത്.

എന്നാല്‍ ബോര്‍ഡിന്റെ തെറ്റായ തീരുമാനത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു റാഷിദ് ലത്തീഫിന്റെ പ്രതികരണം. റമീസ് രാജ, ആക്വിബ് ജാവേദ് എന്നിവരും ബോര്‍ഡിനെ വിമര്‍ശിച്ച് രംഗത്തു വന്നു. പാക് ടീം നടത്താനിരിക്കുന്ന ഓസീസ് പര്യടനത്തിനു മുന്നോടിയായണ് ബോര്‍ഡിന്റെ തീരുമാനം.