SHARE

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ മൈക്കൽ ക്ലാർക്ക് 13 മില്യൺ ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 70 കോടി രൂപ) വിലക്ക് ലേലത്തിലൂടെ പുതിയ ബാച്ച്ലർ പാഡ് (ബാച്ച്ലർമാർ താമസിക്കുന്ന സ്ഥലം) സ്വന്തമാക്കി. അഞ്ച് കിടപ്പുമുറികളുള്ള ഈ വമ്പൻ വീട് യൂറോപ്യൻ ശൈലിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ചതാണ്. രണ്ട് വർഷങ്ങൾക്ക് മുൻപ് കനേഡിയൻ പ്രവാസികളായ ഫിലിപ്പ്, ആനറ്റ് ജോൺസ്റ്റൺ എന്നിവർ 9.5 മില്ല്യൺ ഡോളറിന് വാങ്ങിയിരുന്ന വീടാണ് ഇപ്പോൾ ക്ലാർക്ക് അതിലും വില മുടക്കി സ്വന്തമാക്കിയിരിക്കുന്നത്. 2019 ൽ തന്റെ ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം ക്ലാർക്ക് ആദ്യം സ്വന്തമാക്കുന്ന വീടാണിത്.

നാൽപ്പതുകാരനായ ക്ലാർക്കിന്റെ ഈ പുതിയ വീട് 784 ചതുരശ്ര മീറ്റർ ബ്ലോക്കിലാണുള്ളത്. മിനറലൈസ്ഡ് ഗാസ് ഹീറ്റഡ് പൂൾ, രണ്ട് ഔട്ട്ഡോർ ഷവറുകൾ, ഹീറ്റഡ് ലൈംസ്റ്റോൺ ടൈലുകൾ, നാല് കുളിമുറികൾ, മൂന്ന് ഗാസ് ഫയർപ്ലേസസ് എന്നിവയും ഈ അത്യാഡംബര വീട്ടിലുണ്ട്. താരവും അദ്ദേഹത്തിന്റെ മുൻ ഭാര്യയും നേരത്തെ താമസിച്ചിരുന്ന ഫിറ്റ്സ്വില്ലിയം ആൻഡി മാൻഷനിൽ നിന്ന് വളരെ അടുത്ത് തന്നെയാണ് ഈ വീടും. നേരത്തെ 2012 ൽ വിവാഹിതരായ മൈക്കൽ ക്ലാർക്കും, കൈലിയും 2014 ൽ 8.3 മില്ല്യൺ ഓസ്ട്രേലിയൻ ഡോളറിന് വാങ്ങിയ മുൻ വീട് ഈ വർഷം ഫെബ്രുവരിയിൽ‌ 12 മില്ല്യൺ ഓസ്ട്രേലിയൻ ഡോളറിന് വിൽക്കുകയായിരുന്നു‌.

ക്ലാർക്കിന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ