SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകനും വടക്കൻ അയർലൻഡിന്റെ ഇതിഹാസ താരവുമായ ആരോൺ ഹ്യൂസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഹ്യൂസിന്റെ വിരമിക്കൽ കാര്യം നിലവിലെ അയർലൻഡ് നായകൻ സ്റ്റീവൻ ഡേവിസാണ് അറിയിച്ചത്. ഇന്നലെ ബെലാറസിനെതിരായ അയർലൻഡിന്റെ യൂറോ യോ​ഗ്യതാ ജയത്തിന് ശേഷമായിരുന്നു ഇത്. എന്നാൽ ഹ്യൂസ് മത്സരത്തിൽ കളിച്ചിരുന്നില്ല.

ഈ നവംബറിൽ 40 വയസ് തികയുന്ന ഹ്യൂസ് ഇരുപത് വർഷത്തിലേറെ അയർലൻഡ് ജേഴ്സിയണിഞ്ഞിട്ടുണ്ട്. ദീർഘനാൾ ടീം ക്യാപ്റ്റനുമായിരുന്നു. 2011-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും പിന്നീട് ഈ പ്രതിരോധതാരം ടീമിൽ തിരിച്ചെത്തി. അയർലൻഡിനായി 112 മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഹ്യൂസ്. 2011 നേടിയ ഒരു ​ഗോൾ മാത്രമാണ് അന്താരാഷ്ട്ര കരിയറിലെ ഹ്യൂസിന്റെ ഏക ​ഗോൾനേട്ടം. 2016 യൂറോ കപ്പിലും ടീമിനായി കളിച്ചിട്ടുണ്ട്

ന്യൂകാസിൽ, ആസ്റ്റൺ വില്ല, ഫുൾഹാം തുടങ്ങിയ സൂപ്പർ ക്ലബുകളിൽ കളിച്ചിട്ടുള്ള ഹ്യൂസ് 2016 സീസൺ ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് നായകനായിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലേക്ക് നയിച്ചതിൽ ഹ്യൂസിന്റെ മികവ് ശ്രദ്ധേയമാണ്. ഹ്യൂസ് കളിക്കാതിരുന്ന ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തോൽക്കുയും ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് സീസണുകളായി സ്കോട്ലൻഡിലാണ് ഹ്യൂസ് കളിച്ചിരുന്നത്. സ്കോട്ടിഷ് സൂപ്പർ ക്ലബ് ഹാർട്ട് ഓഫ് മിഡ്ലോഥിയനിൽ 40-ലേറെ മത്സരങ്ങൾ കളിച്ച ഹ്യൂസ് കഴിഞ്ഞ മാസം ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.