SHARE

ഐഎസ്എല്ലില്‍ 2015 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ ശങ്കര്‍ സമ്പിംഗിരാജ് പൂനെ സിറ്റിയിലേക്ക്. മധ്യനിര താരമായ ശങ്കര്‍ എടികെയ്ക്കായി ഇക്കഴിഞ്ഞ സീസണില്‍ 11 തവണ കളത്തിലിറങ്ങിയിരുന്നു. ഇതില്‍ അഞ്ചു തവണയും ആദ്യ ഇലവനില്‍ സ്ഥാനം നേടിയിരുന്നു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഐലീഗില്‍ ബെംഗളൂരുവിനായും കളിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള താരമായ ഈ 23കാരന്‍ 2015 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഉണ്ടായിരുന്നു. അന്ന് കാര്യമായ പ്രകടനമൊന്നും നടത്താനായിട്ടില്ല. മൂന്നു കളിയില്‍ മാത്രമാണ് 2015 സീസണില്‍ താരം കളിച്ചത്. ഒരു ഗോള്‍ പോലും നേടാനായതുമില്ല. എന്നാല്‍ ബെംഗളൂരു എഫ്‌സിക്കായി ഐലീഗില്‍ നടത്തിയ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അടുത്ത സീസണ്‍ മുന്നില്‍ കണ്ട് മികച്ച താരങ്ങളെ ടീമിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പൂനെ സിറ്റി. ഇതുവരെ കീനന്‍ അല്‍മേയ്ഡ, മിഡ്ഫീല്‍ഡര്‍ ആല്‍വിന്‍ ജോര്‍ജ്, വിംഗര്‍ നിഗില്‍ പൂജാരി തുടങ്ങിയവരെ അവര്‍ ടീമിലെത്തിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളുമായി താല്ക്കാലിക കരാറില്‍ എത്തുമെന്നാണ് സൂചന. ജൂണില്‍ ഡ്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നാലാകും കരാറില്‍ ഒപ്പിടുക.