SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ആറാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച സൂപ്പർതാരം മരിയോ ആർക്വെസ് ഇനി ഓസ്ട്രേലിയൻ ലീ​ഗിൽ പന്തുതട്ടും. ഏ-ലീ​ഗിലെ സൂപ്പർക്ലബായ ന്യൂകാസിൽ ജെറ്റ്സുമായി ആർക്വെസ് കരാറിലെത്തി. സമൂഹമാധ്യമങ്ങളിലൂടെ ക്ലബും ആർക്വെസും ഇക്കാര്യം സ്ഥിരീകരിച്ചു.

സ്പാനിഷ് മിഡ്ഫീൽഡറായ ആർക്വെസ് 2018-ൽ ജെംഷദ്പുർ എഫ്സിയിലൂടെയാണ് ഐഎസ്എല്ലിലെത്തുന്നത്. ക്ലബിനായി തകർപ്പൻ പ്രകടനം നടത്തിയ ആർക്വെസിനെ തൊട്ടടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിൽ ഡച്ച് പരിശീലകൻ എൽക്കോ ഷട്ടോരിയുടെ പദ്ധികളിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന താരമാകും ആർക്വെസെന്നായിരുന്നു കരുതപ്പെട്ടിരുന്നു. എന്നാൽ സീസണിലുടനീളം പരുക്കിന്റെ പിടിയിലായിരുന്നു ആർക്വെസ്. വെറും ആറ് മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ആർക്വെസിന് കളിക്കാൻ കഴിഞ്ഞത്.

പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വർഷം തുടക്കത്തിൽ ആർക്വെസ് മലേഷ്യൻ ക്ലബ് കെലാന്റന്റെ ഭാ​ഗമായി. അവർക്കായി 16 മത്സരങ്ങൾ കളിച്ചശേഷമാണ് ഓസ്ട്രേലിയൻ ലീ​ഗിലേക്കുള്ള കൂടുമാറ്റം. സ്പാനിഷ് സൂപ്പർക്ലബ് വിയ്യറായലിന്റെ അക്കാദമി താരമാണ് ആർക്വെസ്. പിന്നീട് എൽഷെ, വലൻസിയ ബി തുടങ്ങിയ ടീമുകൾക്കായും ആർക്വെസ് ബൂട്ടുകെട്ടിയിട്ടുണ്ട്.