SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള ഇന്ത്യൻ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപനത്തിന് പിന്നാലെ അതിനെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളുമായി മുൻ താരങ്ങളടക്കമുള്ളവർ രംഗത്തെത്തി.

ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കറിനെ അത്ഭുതപ്പെടുത്തിയത് യുവവിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതാണ്. ഇന്ത്യ ടുഡേയോട് സംസാരിക്കുമ്പോളായിരുന്നു പന്തിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ഗവാസ്കർ മനസ് തുറന്നത്. പന്തിനെ ഒഴിവാക്കിയത് അത്ഭുതകരമായിത്തോന്നിയെന്ന് പറഞ്ഞ ഗവാസ്കർ ഇങ്ങനെ കൂട്ടിച്ചേർത്തു, “പന്തിനെ ഒഴിവാക്കിയത് കുറച്ച് അത്ഭുതമായിത്തോന്നുന്നു. ഇപ്പോൾ പന്ത് മികച്ച ഫോമിലാണുള്ളത്.

അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതാണ്. വിക്കറ്റ് കീപ്പിംഗാകട്ടെ ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നു. പന്ത് ഇടം കൈയ്യനായതിനാൽ അദ്ദേഹമുണ്ടായിരുന്നെങ്കിൽ ടീമിന്റെ ബാറ്റിംഗിൽ കൂടുതൽ വൈവിധ്യം കൊണ്ട് വരാനാകുമായിരുന്നു. ഇത് എതിർ ടീമുകളെ ശരിക്കുംവലച്ചേനേ. ” ഗവാസ്കർ പറഞ്ഞുനിർത്തി.