SHARE

ചുരുങ്ങിയ കാലം കൊണ്ട് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ്  മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച താരമാണ് കുല്‍ദീപ് യാദവ്. ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ അവസാനിച്ച ഏകദിന പരമ്പരയില്‍ നടത്തിയ മിന്നുന്ന പ്രകടനം കുല്‍ദീപിനെ ബോളിംഗ് റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്തിക്കുകയും ചെയ്തു. എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം ഏകദിന റാങ്കിംഗിൽ ആദ്യ പത്തിനുള്ളില്‍ എത്തിയത്.

ഇതിനിടെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അവിടെയും കുല്‍ദീപിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിൽ, ആദ്യ പതിനൊന്നില്‍ ഇടംപിടിക്കാന്‍ രണ്ടു തവണ മാത്രമാണ് കുല്‍ദീപിന് കഴിഞ്ഞിട്ടുള്ളത്. സീനിയര്‍ സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ടീമിലുള്ളത് തന്നെയാണ് ഇതിന് കാരണം. കളിച്ച രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ആകെ 9 വിക്കറ്റുകളാണ് കുൽദീപ് സ്വന്താമാക്കിയിട്ടുള്ളത്.

എന്നാല്‍ വരുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കുല്‍ദീപ് യാദവിനെ, ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കണമെന്നാണ് മുന്‍ ഇംഗീഷ് താരം ഫില്‍ ടഫ്‌നല്‍ അഭിപ്രായപ്പെടുന്നത്. ‘ ഒരുപാട് ലെഗ് സ്പിന്നര്‍മാരൊന്നും ക്രിക്കറ്റിലില്ല, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകള്‍ എടുക്കുകയാണെങ്കിലും കുറച്ചു പേരേ ഉള്ളൂ, ഇവരില്‍ തന്നെ വ്യത്യസ്തനായ ബോളറാണ് കുല്‍ദീപ്, ആദ്യ ടെസ്റ്റില്‍ എന്തായാലും താരത്തെ കളിപ്പിക്കണം’ ടഫ്‌നല്‍ പറഞ്ഞു.

ഇംഗ്ലണ്ടിന് വേണ്ടി 42 ടെസ്റ്റ് മത്സരങ്ങളും 20 ഏകദിനങ്ങളും കളിച്ച താരമാണ് ഫില്‍ ടഫ്‌നല്‍. ഇടംകയ്യന്‍ സ്പിന്നറായ ടഫ്‌നല്‍ ടെസ്റ്റില്‍ 121 വിക്കറ്റുകളും ഏകദിനത്തില്‍ 19 വിക്കറ്റുകളുമാണ് വീഴ്ത്തിയിട്ടുള്ളത്. 1990ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം 2001ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി കളിച്ചത്.