SHARE

കഴിഞ്ഞ ദിവസമാണ് എഫ് സി പൂനെ സിറ്റിയുമായി സെര്‍ബിയന്‍ കോച്ച് റാങ്കോ പോപോവിച്ച് വഴി പിരിഞ്ഞത്. ക്ലബ് അധികൃതരുമായി പരസ്പര ധാരണയോടെയാണ് പരിശീലക സ്ഥാനമൊഴിഞ്ഞതെന്ന് പോപോവിച്ച് വ്യക്തമാക്കുകയും ചെയ്തു. എഫ് സി  പൂനെ സിറ്റിയെ പ്ലേ ഓഫ് വരെ എത്തിച്ചതിന് ശേഷമായിരുന്നു പോപോവിച്ചിന്റെ മടക്കം.

പോപോവിച്ചിന് പകരക്കാരനായി ബ്രസീലിയന്‍ സൂപ്പര്‍ പരിശീലകന്‍ മാര്‍കോസ് പക്വേറ്റയെ പൂനെ ടീമിനൊപ്പം എത്തിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് ഇനിയും മടങ്ങിവരുമെന്ന് പോപോവിച്ച് വ്യക്തമാക്കി. ‘ ഭാവിയില്‍ ഇന്ത്യയിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്, ഇവിടെ  പ്രവര്‍ത്തിക്കാന്‍ എനിക്ക് ഇഷ്ടമാണ്, കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ തിരിച്ചു വന്നേക്കാം, മറ്റേതെങ്കിലും ടീമുമായി പ്രവര്‍ത്തിക്കാന്‍ അവസരവും ലഭിക്കുമെന്നാണ് കരുതുന്നത്, ഇപ്പോള്‍ കുടുംബവുമായി കുറച്ചു കാലം ചെലവഴിക്കണം’ – പോപോവിച്ച് പറഞ്ഞു.

അതേ സമയം കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മലയാളി താരം ആഷിഖ് കുരുണിയെ പോപോവിച്ച് വീണ്ടും പ്രശംസിച്ചു. ‘ എനിക്ക് അഭിമാനം തോന്നുന്നു, പ്രതിഭയുള്ള താരമാണ് ആഷിഖ്, ദേശീയ ടീമിലേക്കെത്തുകയെന്നതിന് ഇങ്ങനെ ഓരോ സമയമുണ്ട്, ഗുര്‍തെജ് സിംഗ്, സാഹില്‍ പന്‍വാര്‍, സര്‍ത്ഥക് ഗോലു തുടങ്ങിയവരും മികച്ച താരങ്ങളാണ്, ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കണമെന്നും  പ്രൊഫഷണലിസം കൈവിടരുതെന്നുമാണ് എനിക്കവരോട് ഉപദേശിക്കാനുള്ളത്’ – പോപോവിച്ച് വ്യക്തമാക്കി.