SHARE

മുൻ ദക്ഷിണാഫ്രിക്കൻ താരവും 2011 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പരിശീലകനുമായ ഗാരി കിർസ്റ്റൺ അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്ന കാർഡിഫ് ആസ്ഥാനമായുള്ള ടീമിന്റെ പരിശീലകനായി നിയമിതനായി. നേരത്തെ ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയിൻ വോൺ ഇതേ ടൂർണമെന്റിൽ കളിക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള ടീമിന്റെ പരിശീലകനായി ചുമതലയേറ്റിരുന്നു.

പരിശീലകവേഷത്തിൽ മികച്ച പരിചയസമ്പത്തുള്ള കിർസ്റ്റണുമായി കരാറിലെത്താനായത് കാർഡിഫ് ടീമിന് വലിയ നേട്ടമാകുമെന്നാണ് കരുതുന്നത്. ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റിലടക്കം വളരെ വലിയ പരിചയസമ്പത്തുള്ള കിർസ്റ്റൺ, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനേയും, ബിഗ് ബാഷ് ലീഗിൽ ഹൊബാർട്ട് ഹറികെയിൻസിനേയും കളി പഠിപ്പിച്ചിട്ടുണ്ട്. അതേ സമയം കിർസ്റ്റണും, ഷെയിൻ വോണിനും പുറമേ മറ്റ് ചില‌ സൂപ്പർ പരിശീലകർ കൂടി ‘ദി ഹണ്ട്രഡ്’ എന്ന് പേരിട്ടിരിക്കുന്ന 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ പരിശീലകരായെത്തുന്നുണ്ട്. ഇതിൽ മാഞ്ചസ്റ്റർ ആസ്ഥാനമായുള്ള ടീമിന്റെ പരിശീലകനായി സൈമൺ കാറ്റിച്ചും, ബർമിംഗ് ഹാം ആസ്ഥാനമായുള്ള ടീമിന്റെ പരിശീലകനായി ആൻഡ്രൂ മക്ഡൊണാൾഡുമാണ് പ്രവർത്തിക്കുക.

ക്രിക്കറ്റിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാണ് ടി20 ക്രിക്കറ്റിനേയും പരിഷ്കരിച്ച് പുതിയ ഫോർമാറ്റിൽ മത്സരം നടത്താൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തയ്യാറെടുക്കുന്നത്. ടി20 യെ ആരാധകർ നെഞ്ചിലേറ്റിയ പോലെ ഈ പുതിയ പരീക്ഷണത്തേയും അവർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രതീക്ഷ.

100 ബോൾ ക്രിക്കറ്റ് മത്സരത്തിൽ 100 പന്തുകൾ വീതമുള്ള രണ്ടിന്നിംഗ്സുകളാണുണ്ടാവുക. 6 പന്തുകൾ വീതമുള്ള 15 ഓവറുകളും, ഒപ്പം 10 പന്തുകളുള്ള ഒരോവറുമാണ് ഓരോ ടീമിനും മത്സരത്തിൽ ലഭിക്കുക. ഒരു ടി20 മത്സരത്തേക്കാൾ 40 പന്തുകൾ കുറവ് വരുന്ന 100 ബോൾ ക്രിക്കറ്റ് മത്സരം രണ്ടര മണിക്കൂറിനുള്ളിൽ തീരുമെന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അധികൃതർ അവകാശപ്പെടുന്നത്.