SHARE

മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അമിത് ഭണ്ഡാരിയെ പട്ടാപ്പകല്‍ യുവതാരവും കൂട്ടുകാരും ആക്രമിച്ചു. ഡെല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട്‌സ് ക്രിക്കറ്റ് അസോസിയേഷന്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അമിത് ഭണ്ഡാരി. ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിന്റെ വൈരാഗ്യത്തിന് യുവതാരവും കൂട്ടുകാരുമാണ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഡെല്‍ഹിയുടെ അണ്ടര്‍ 23 ക്രിക്കറ്റ് ടീം അംഗം കൂടിയായ അനൂജ് ദേധയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡെല്‍ഹി ടീം സിലക്ടറായ ഭണ്ഡാരി, ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജ് മൈതാനത്ത് ട്രയല്‍സിനു മേല്‍നോട്ടം വഹിക്കുമ്പോഴാണ് മര്‍ദ്ദനമേറ്റത്. ഇന്ത്യയ്ക്കായി രണ്ട് ഏകദിനങ്ങള്‍ കളിച്ച താരമാണ് അദ്ദേഹം.

ട്രയല്‍സ് നടക്കുമ്പോള്‍ ആദ്യം ഒരു കൂട്ടം ആളുകള്‍ എത്തി അമിത് ഭണ്ഡാരിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് മറ്റൊരു സംഘം ഇരുമ്പ് ദണ്ഡ്, ഹോക്കി സ്റ്റിക്ക്, സൈക്കിള്‍ ചെയിന്‍ എന്നിവയുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഡല്‍ഹി അണ്ടര്‍ 23 ടീം മാനേജര്‍ ശങ്കര്‍ സെയ്‌നി പറഞ്ഞു. അക്രമിസംഘം മറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സെയ്‌നി പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ ആക്രമണത്തിനെതിരേ രംഗത്തെത്തി. ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരിലുള്ള ആക്രമണം കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് സേവാഗ് പ്രതികരിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഗൗതം ഗംഭീറും വ്യക്തമാക്കി.